Politics

കെഎസ്ആര്‍ടിസി സമുച്ചയം,പെട്ടിക്കടയുടെ ടെണ്ടര്‍ നിബന്ധനകള്‍ പോലും പാലിച്ചില്ല; പി.കെ.കൃഷ്ണദാസ്

Nano News

കെ.പി.എസ്സ്

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസ്‌ടെര്‍മിനല്‍ നിര്‍മ്മാണ അഴിമതിയില്‍ ഇരുമുന്നണികള്‍ക്കും പങ്കുണ്ടെന്ന് ബിജെപി ദേശീയനിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. ബലക്ഷയം റിപ്പോര്‍ട്ട് ചെയ്ത കെഎസ്ആര്‍ടിസി ബസ്‌ടെര്‍മിനല്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. നിര്‍മ്മാണത്തിലും നടത്തിപ്പിലും അറ്റകുറ്റപ്പണിക്ക് പണം അനുവദിച്ചതിലുമടക്കം തീവെട്ടിക്കൊള്ളയാണ് നടന്നത്. കേരളം കണ്ട ഏറ്റവും വലിയ കുംഭകോണമാണിത്. സിപിഎം നേതൃത്വവും ഭരണനേതൃത്വവുമാണ് പിന്നില്‍. ഉദ്യോഗസ്ഥരോ കരാറുകാരോ മാത്രം ഉള്‍പ്പെട്ടതല്ല ഈ വന്‍അഴിമതി. 2004 മുതല്‍ നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടത്തിലും അഴിമതി നടന്നിരിക്കുന്നു. ചക്കരക്കുടത്തില്‍ യുഡിഎഫ് നേതൃത്വവും കൈയിട്ടരിക്കുകയാണ്. അഴിമതി പുറത്തുകൊണ്ടുവരാന്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തയാറാവണം, അദ്ദേഹം ആവശ്യപ്പെട്ടു.
കെഎസ്ആര്‍ടിസി, കെടിഡിഎഫ്‌സി ഉദ്യോഗസ്ഥരുടെയും കിറ്റ്‌കോയുടെയും പരിശോധനയില്‍ ബലക്ഷയം കണ്ടെത്തിയില്ല. ഭരണകക്ഷിയെ സഹായിക്കുന്ന നിലപാടെടുത്ത ഉദ്യോഗസ്ഥരുടെ കൃത്യവിലോപത്തിന് ഭരണകക്ഷി നേതാക്കളുടെ പിന്‍ബലമുണ്ട്. 50 കോടി രൂപയുടെ ഡെപ്പോസിറ്റ് 17 കോടി രൂപയാക്കി കരാറുകാര്‍ക്ക് കുറച്ചു കൊടുത്തു ആദ്യകരാറില്‍ ഏര്‍പ്പെട്ട മാക്ക് അസോസിയേറ്റ്‌സും ഇപ്പോള്‍ നടത്തിപ്പുചുമതലയേറ്റെടുത്ത ആലിഫ് ബില്‍ഡേഴ്‌സും ഒന്നുതന്നെയാണ്. പെട്ടിക്കടയ്ക്ക് ടെണ്ടര്‍ നല്‍കുന്നതിനുള്ള നിബന്ധനകള്‍ പോലും ഇക്കാര്യത്തില്‍ പാലിച്ചിട്ടില്ല. അറ്റകുറ്റപ്പണിക്ക് 20 കോടി ആവശ്യമുണ്ടെന്ന് തീരുമാനിച്ചത് ആരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവരുടെ നേതൃത്വത്തിലാണ് തീവെട്ടിക്കൊള്ള നടന്നിരിക്കുന്നത്, അദ്ദേഹം ആരോപിച്ചു. ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ. വി.കെ. സജീവന്‍, സംസ്ഥാന സെക്രട്ടറി അഡ്വ.കെ.പി. പ്രകാശ്ബാബു, ഒബിസി മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ എന്‍.പി. രാധാകൃഷ്ണന്‍, എം. മോഹനന്‍, അഡ്വ. കെ.വി. സുധീര്‍, അഡ്വ. രമ്യമുരളി, ബി.കെ.പ്രേമൻ, വി.കെ.ജയൻ,ടി. റെനീഷ്,ടി.ചക്രായുധന്‍,പ്രശോഭ് കോട്ടൂളി, ശശിധരന്‍ നാരങ്ങയില്‍,എന്‍.ശിവപ്രസാദ് തുടങ്ങിയ നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.


Reporter
the authorReporter

Leave a Reply

error: Content is protected !!