നന്മണ്ട: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ജനാധിപത്യത്തിൻ്റെ എല്ലാ മേഖലകളും നിശബ്ദമാക്കിയ ഇരുണ്ട കാലമായിരുന്നു അടിയന്തരാവസ്ഥയുടെതെന്നും അടിയന്തരാവസ്ഥ നടപ്പിലാക്കി ഭരണഘടനയെ കൊന്ന കോൺഗ്രസുകാർ ഭരണഘടന ഉയർത്തിപ്പിടിച്ച് മറ്റുള്ളവർക്ക് ട്യൂഷൻ എടുക്കാൻ വരേണ്ടെന്നും ബിജെപി സംസ്ഥാന സെൽ കോഡിനേറ്റർ അഡ്വ. വി.കെ സജീവൻ പറഞ്ഞു.

ബി ജെ പി കോഴിക്കോട്
റൂറൽ ജില്ലാകമ്മിറ്റി നന്മണ്ട ഗ്രാമ പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ സംഘടിപ്പിച്ച അടിയന്തരാവസ്ഥ വിരുദ്ധദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയുടെ 38 മുതൽ 42 വരെയുള്ള ഭേദഗതികൾ കോടതികൾക്ക് പോലും അധികാരം ഇല്ലാതാക്കി. കോടതിയുടെ അധികാരങ്ങളും, മാധ്യമ സ്വാതന്ത്ര്യവും, പ്രതിപക്ഷ പാർട്ടികളുടെ പ്രവർത്തനവും, പൗരാവകാശങ്ങളും ഇല്ലാതാക്കിയവർ ഇപ്പോൾ പോക്കറ്റ് ഭരണഘടനയുമായി ഇറങ്ങിയതാണ് ഈ നൂറ്റാണ്ടിൽ ഏറ്റവും വലിയ തമാശയെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥ കാലഘട്ടത്തെ
ഓർക്കുന്നത് രാഷ്ട്രീയ വൈരാഗ്യത്തിന് അല്ല മറിച്ച് അടിയന്തരാവസ്ഥക്കെതിരെ പോരാടിയ ധീരരെ ഓർക്കുന്നതോടൊപ്പം ജനാധിപത്യവും ഭരണഘടനയും പൗര സ്വാതന്ത്ര്യവും ജാഗ്രതയോടെ സംരക്ഷിക്കേണ്ട ആവശ്യകതയെ കുറിച്ച് പുതുതലമുറയെ ബോധ്യപ്പെടുത്താനാണെന്നും വി.കെ സജീവൻ കൂട്ടിച്ചേർത്തു.

ജില്ലാ പ്രസിഡണ്ട്
ടി ദേവദാസ് അധ്യക്ഷനായി.
സംസ്ഥാന കമ്മിറ്റി അംഗം വി. വി രാജൻ , ജില്ലാ ജനറൽ സെക്രട്ടറിമാരായ
കെ. രജിനേഷ് ബാബു , ഗിരീഷ് തേവള്ളി, മേഖലാ വൈസ് പ്രസിഡണ്ട് എം. സി ശശീന്ദ്രൻ പ്രസംഗിച്ചു.
അടിയന്തരാവസ്ഥാ പോരാളികളായ പി. മോഹനൻ , പ്രഭാകരൻ
എന്നിവർ അടിയന്തരാവസ്ഥാ വിരുദ്ധ പോരാട്ട അനുഭവങ്ങൾ പങ്കുവെച്ചു.










