Latest

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം: ബീച്ചിൽ ഭീമൻ പാമ്പും കോണിയും ഒരുക്കി ജില്ലാ ഭരണകൂടം

Nano News

കോഴിക്കോട്:അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ ‘കരുതലോടെ കരുനീക്കാം’ എന്ന സന്ദേശത്തിൽ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയറിൽ ഭീമൻ പാമ്പും കോണിയും ഒരുക്കി. നശാ മുക്ത് ഭാരത് അഭിയാൻ കേന്ദ്രാവിഷ്കൃത പദ്ധതിയുടെ പിന്തുണയിൽ ജില്ലാ സാമൂഹിക നീതി വകുപ്പിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കലക്ടർ എം എസ് മാധവിക്കുട്ടി നിർവഹിച്ചു. സാമൂഹിക നീതി വകുപ്പ് ജില്ലാ പ്രൊബേഷൻ ഓഫീസർ ശരണ്യ സംസാരിച്ചു. ഡി.സി.ഐ.പി പ്രോഗ്രാം മാനേജർ ഡോ. നിജീഷ് ആനന്ദ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി.

ലഹരി ഉപയോഗത്തിലൂടെ ഉണ്ടാകുന്ന വ്യക്തിഗതവും സാമൂഹികവുമായ പ്രത്യാഘാതങ്ങളെ സംബന്ധിച്ച് പൊതുജനങ്ങൾക്ക് അവബോധം കൈമാറാവുന്ന സന്ദേശങ്ങൾ ഉൾപ്പെടുത്തിയാണ് ഗെയിം ചിട്ടപ്പെടുത്തിയത്. ഒപ്പം പരിഹാര മാർഗ്ഗങ്ങളും നിർദേശിക്കുന്നുണ്ട്. ലഹരിവസ്തുക്കൾ ഉപേക്ഷിച്ച് സൗഹൃദം, ഭക്ഷണം, കായികം, സിനിമ തുടങ്ങിയ ജീവിതത്തിലെ ആരോഗ്യകരമായ മേഖലകളെ ലഹരിയാക്കുക എന്ന സന്ദേശത്തിൽ ജില്ലാ ഭരണകൂടം ആവിഷ്കരിച്ച ‘പുതുലഹരിയിലേക്ക് ഷെയർ ലവ് നോട്ട് ഡ്രഗ്സ്’ പദ്ധതിയുടെ ഭാഗമായാണ് പരിപാടി ഒരുക്കിയത്.

ഷൂട്ട് ഔട്ട്, ലൈവ് പെയിന്റിങ് തുടങ്ങിയ ആക്ടിവിറ്റി കോർണറുകളും സെൻസസ് ഹെൽപ് ഡെസ്ക്, സെൽഫി പോയിൻ്റ് എന്നിവയും പരിപാടിയുടെ ഭാഗമായി സജ്ജീകരിച്ചു. ജില്ലാ കലക്ടറുടെ ഇൻ്റേൺഷിപ്പ് പ്രോഗ്രാം അംഗങ്ങളുടെ നേതൃത്വത്തിലാണ് പാമ്പും കോണിയും കളിക്കളം ഒരുക്കിയത്.


Reporter
the authorReporter

Leave a Reply