ഇടക്കാല ജാമ്യം അവസാനിക്കുകയും ജാമ്യം നീട്ടണമെന്ന ആവശ്യം സുപ്രിംകോടതി പരിഗണിക്കാതിരിക്കുകയും ചെയ്തതോടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് തിഹാര്‍ ജയിലിലേക്ക് മടങ്ങണം. ഔദ്യോഗിക വസതിയില്‍ നിന്ന് ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് കെജ്‌രിവാള്‍ തിഹാര്‍ ജയിലിലേക്ക് മടങ്ങുക . അദ്ദേഹത്തിനൊപ്പം ജയില്‍ഗേറ്റ് വരെ മന്ത്രിമാരും മുതിര്‍ന്ന ആംആദ്മി പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ഉണ്ടാകും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അനുവദിച്ച ഇടക്കാല ജാമ്യം വൈദ്യപരിശോധനകള്‍ക്കായി ഏഴുദിവസം കൂടി നീട്ടണമെന്നാവശ്യപ്പെട്ട് കെജ്‌രിവാള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ റോസ് അവന്യു കോടതിയില്‍ ഇന്നലെ വാദം പൂര്‍ത്തിയായെങ്കിലും വിധി പറയുന്നത് നീട്ടുകയായിരുന്നു.
ഈ മാസം അഞ്ചിന് വിധിപറയുമെന്ന് പ്രത്യേക ജഡ്ജി കാവേരി ബവേജ അറിയിച്ചു. അതിനാൽ വീണ്ടും ജയിലിലേക്ക് തിരിച്ചുപോകണം.
ജാമ്യം നീട്ടണമെന്ന ഹർജിയുമായി വിചാരണക്കോടതിയെയാണ് സമീപിക്കേണ്ടതെന്ന കാരണം ചൂണ്ടിക്കാട്ടി സുപ്രിംകോടതി രജിസ്ട്രി ഹർജി നിരസിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് വിചാരണക്കോടതിയെ അരവിന്ദ് കെജ്രിവാൾ സമീപിച്ചിരുന്നത്. കെജ്‌രിവാളിന്റെ ആവശ്യത്തെ ഇ.ഡി കോടതിയില്‍ എതിർത്തിരുന്നു. സുപ്രിംകോടതി ഉത്തരവ് അനുസരിച്ച്, ഒരാള്‍ കസ്റ്റഡിയിലാണെങ്കില്‍ മാത്രമേ ജാമ്യം ബാധകമാകൂവെന്നും കെജ് രിവാള്‍ നിലവില്‍ കസ്റ്റഡിയില്‍ അല്ലാത്തതിനാല്‍ ഇടക്കാല ജാമ്യാപേക്ഷ അസാധുവാണെന്നുമായിരുന്നു ഇ.ഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ബാധിച്ചത് .
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്താന്‍ കെജ്‌രിവാളിന് മെയ് 10നാണ് സുപ്രിംകോടതി 21 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു നൽകിയത്. മാര്‍ച്ച് 21നായിരുന്നു കെജ്രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തത് .