കോഴിക്കോട്: പെട്രോളിനും ഡീസലിനും പാചകവാതകത്തിനും വില കൂട്ടിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ സിപിഐ പ്രതിഷേധം സംഘടിപ്പിച്ചു. സിപിഐ ജില്ലാ കൗൺസിൽ ഓഫീസായ കൃഷ്ണപിള്ള മന്ദിരത്തിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം കിഡ്സൺ കോർണറിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ് ഉദ്ഘാടനം ചെയ്തു. ഊർജ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലെ പരാജയം ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വിലക്കയറ്റം അതിരൂക്ഷമായിരിക്കെയുള്ള ഈ നടപടി ജനജീവിതം കൂടുതൽ ദുരിതമയമാക്കും. ക്രൂഡ് ഓയിൽ വില വൻതോതിൽ ഇടിഞ്ഞപ്പോൾ, ജനങ്ങൾക്ക് ഇതിന്റെ ഗുണഫലം നൽകാൻ കേന്ദ്രം തയ്യാറായിരുന്നില്ല. പകരം ഇന്ധന നികുതി കുത്തനെ ഉയർത്താനായിരുന്നു ആ അവസരം കേന്ദ്രസർക്കാർ ഉപയോഗിച്ചത്.
പാചകവാതക വിലവർധനവിന്റെയും ദൗർലഭ്യത്തിന്റെയും കെടുതികളും നാട് അനുഭവിക്കുകയാണ്. വാണിജ്യ സിലിണ്ടറിന് അഞ്ചുമാസത്തിനിടെ അഞ്ചുതവണയാണ് വില വർധിപ്പിച്ചത്. ജനങ്ങളുടെ മേൽ അമിതഭാരം അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കങ്ങളെ പ്രതിരോധിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിഷേധ യോഗത്തിൽ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ചൂലൂർ നാരായണൻ, റീന മുണ്ടേങ്ങാട്ട്, എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി അഭിജിത്ത് കോറോത്ത്, ജില്ലാ കൗൺസിൽ അംഗങ്ങളായ കെ കെ പ്രദീപ് കുമാർ, പി ബാല സുബ്രഹ്മണ്യൻ പി വി മാധവൻ സംസാരിച്ചു. സിറ്റി നോർത്ത് സെക്രട്ടറി പി അസീസ് ബാബു സ്വാഗതം പറഞ്ഞു. നേതാക്കളായ അഡ്വ. എ കെ സുകുമാരൻ, എ പി റിയാസ് അഹമ്മദ്, അഡ്വ. സാറാ ജാഫർ, സി പി സദാനന്ദൻ, എം രതീഷ്, എം മുഹമ്മദ് ബഷീർ, ഒ പ്രശാന്ത്, ആഷിക ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി.









