കക്കാടം പൊയിൽ : ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചെങ്കിലും വിനോദ സഞ്ചാരികളായ ഏഴ് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെ കൂടരഞ്ഞി – കക്കാടം പൊയിൽ റൂട്ടിൽ പീടികപ്പാറക്കും കള്ളിപ്പാറക്കും ഇടയിലാണ് സംഭവം. നിലമ്പൂർ കരുളായി സ്വദേശി പനക്കത്തൊടിക യഹ്യ റൂണും കുടുംബവും സഞ്ചരിച്ച റിനോ ഡസ്റ്റർ കാറിനാണ് തീപ്പിടിച്ചത്. കക്കാടം പൊയിലേക്ക് പോകുമ്പോൾ വാഹനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ട മറ്റൊരു വാഹനത്തിലെ യാത്രക്കാരാണ് കാറിലെ യാത്രക്കാരെ വിവരമറിയിക്കുന്നത്. ഉടൻ തന്നെ മൂന്ന് കുട്ടികളും മൂന്ന് സ്ത്രീകളും യഹ്യയുമടങ്ങുന്ന ഏഴംഗ സംഘം വാഹനം നിർത്തി പുറത്തിത്തിറങ്ങിയ ഉടനെ തീ ആളിപ്പടർന്നെങ്കിലും വൻ അപകടമാണ് ഒഴിവായത്. തുടർന്ന് മുക്കം അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ മുക്കത്ത് നിന്ന് അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തിയാണ് തീയണച്ചത്. അവധിക്കാലമായതിനാൽ കക്കാടം പൊയിലിലേക്ക് വിനോദ സഞ്ചാരികളുടെ വൻ ഒഴുക്കാണ്. കാറിന് തീപ്പിടിച്ചതോടെ ഈ റൂട്ടിൽ ഒരു മണിക്കൂറോളം ഗതാഗത തടസ്സം നേരിട്ടു.വാഹങ്ങളുടെ നീണ്ട നിര ദൃശ്യമായിരുന്നു. എങ്കിലും അപ്രതീക്ഷിതമായ അപകടത്തിൽനിന്ന് ഏഴംഗ കുടുംബം പരിക്കൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് നാട്ടുകാരും വിനോദ സഞ്ചാരികളും. ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ സി. മനോജ്, സീനിയർ ഫയർ ഓഫീസർ എൻ. അഹമ്മദ് റഹീഷ്, സേനാംഗങ്ങളായ സനീഷ് പി. ചെറിയാൻ, എൻ. പി. അനീഷ്, കെ. പി. നിജാസ്, ആർ. മിഥുൻ, കെ. എസ്. ശരത്ത്, ടി. പി. ശ്രീജിൻ, എൻ, ശിനീഷ്, ജോളി ഫിലിപ്പ്, പി. രാജേന്ദ്രൻ എന്നിവർ ചേർന്നാണ് തിരുവമ്പാടി പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ തീയണച്ചത്.









