BusinessGeneralLatest

തടസ്സമില്ലാത്ത ഇന്ധനവിതരണം ഉറപ്പാക്കുമെന്ന് പൊതുമേഖലാ എണ്ണക്കമ്പനികൾ

Nano News

കോഴിക്കോട്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ധന ആവശ്യകതയിൽ പെട്ടെന്നുണ്ടായ വർധനവിനിടയിലും പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കാൻ പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ (ഒഎംസസികൾ) ശക്തമായ നടപടികളും ലോജിസ്റ്റിക് ഏകോപനവും തുടരുകയാണെന്ന് കേരള ഓയിൽ ഇൻഡസ്ട്രി സംസ്ഥാനതല കോഓർഡിനേറ്റർ ഗീതിക മെഹ്റ അറിയിച്ചു.

 

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വിവിധ സംസ്ഥാനങ്ങളിലെ സീസണൽ കാർഷിക, വിളവെടുപ്പ് പ്രവർത്തനങ്ങൾ ശക്തമായതോടെ പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉപഭോഗത്തിൽ ഗണ്യമായ വർധനവാണ് രേഖപ്പെടുത്തിയത്. ഇതിന് പുറമെ, മറ്റ് വിതരണക്കാരെ അപേക്ഷിച്ച് വില കുറവായതിനാൽ വാണിജ്യ ഉപഭോക്താക്കൾ പൊതുമേഖലാ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലേക്ക് മാറിയതും ആവശ്യകത ഉയരാൻ കാരണമായി.

 

ടെർമിനലുകൾ, ഡിപ്പോകൾ, പൈപ്പ്‌ലൈനുകൾ, എൽപിജി ബോട്ടിലിംഗ് പ്ലാന്റുകൾ, റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവ ഉൾപ്പെടുന്ന വിപുലമായ രാജ്യവ്യാപക ശൃംഖലയിലൂടെ പൊതുമേഖലാ എണ്ണക്കമ്പനികൾ വിതരണം സുഗമമായി തുടരുകയാണ്. വിപണികളിലുടനീളം ഉൽപ്പന്നങ്ങളുടെ തടസ്സമില്ലാത്ത നീക്കവും സമയബന്ധിത വിതരണവും ഉറപ്പാക്കുന്നതിനായി വിതരണ വിഭാഗങ്ങൾ, ഗതാഗത ശൃംഖലകൾ, ടെർമിനൽ പ്രവർത്തനങ്ങൾ, തിരഞ്ഞെടുത്ത റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും ഗീതിക മെഹ്റ വ്യക്തമാക്കി.

 

തടസ്സരഹിത ഇന്ധനവിതരണം ഉറപ്പാക്കുന്നതിനായി സംസ്ഥാന ഭരണകൂടങ്ങളുമായി ചേർന്ന് പൊതുമേഖലാ എണ്ണക്കമ്പനികൾ പ്രവർത്തിക്കുന്നതായും അവർ കൂട്ടിച്ചേർത്തു. രാജ്യത്തുടനീളം പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ മതിയായ ശേഖരം നിലവിലുണ്ടെന്നും വിതരണത്തിൽ യാതൊരു തടസവും ഉണ്ടാകാതിരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ഉപഭോക്താക്കൾക്ക് ഉറപ്പുനൽകുന്നതായും ഗീതിക അറിയിച്ചു.

 

വർധിച്ച ആവശ്യകത കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനായി പൊതുമേഖലാ എണ്ണക്കമ്പനികൾ സ്റ്റോക്ക് നിലകൾ തുടർച്ചയായി വിലയിരുത്തുകയും ലോജിസ്റ്റിക്‌സ്, വിതരണ ആസൂത്രണം എന്നിവയിൽ കൃത്യമായ ഏകോപനം പുലർത്തുകയും ചെയ്യുന്നു.അനാവശ്യ പരിഭ്രാന്തി ഒഴിവാക്കി സാധാരണ രീതിയിൽ തന്നെ വാങ്ങണമെന്ന് ഉപഭോക്താക്കളോട് അഭ്യർത്ഥിക്കുന്നതായും ഇന്ധനലഭ്യത സംബന്ധിച്ച കൃത്യമായ വിവരങ്ങൾക്ക് അംഗീകൃത ഏജൻസികളും എണ്ണ വിപണന കമ്പനികളും നൽകുന്ന ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും അവർ പറഞ്ഞു.


Reporter
the authorReporter

Leave a Reply