Wednesday, December 4, 2024
Local NewsPolitics

ക്ഷേത്രഭൂമി തട്ടിയെടുക്കാന്‍ അനുവദിക്കില്ല: ബി. ജെ. പി


ഓർക്കാട്ടേരി: ശിവഭഗവതി ക്ഷേത്ര ഭൂമിയായ കച്ചേരി മൈതാനി അനധികൃതമായി കയ്യേറ്റം നടത്തി അവിടെ പൊതു കക്കൂസും കെട്ടിടവും നിർമ്മിക്കാനുള്ള ഗ്രാമപഞ്ചായത്തിന്റെ ശ്രമത്തെ ചെറുക്കുമെന്നും അന്യാധീനപ്പെട്ടുപോയ ക്ഷേത്രഭൂമി തിരികെ പിടിക്കാന്‍ വേണ്ടി ഭക്തജന കൂട്ടായ്മ നവംബർ 17 തീയതി ഓർക്കാട്ടേരി ക്ഷേത്ര മൈതാനിയിൽ നടത്തുന്ന ലക്ഷദ്വീപ സമർപ്പണത്തിന് ബിജെപി പൂർണ്ണമായും പിന്തുണക്കുമെന്നും ജില്ലാ പ്രസിഡണ്ട് അഡ്വ.വികെ സജീവൻ അറിയിച്ചു.

കച്ചേരി മൈതാനം സഹപ്രവര്‍ത്തകരോടൊപ്പം സന്ദര്‍ശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു സജീവന്‍. അടിസ്ഥാന രേഖപ്രകാരം ഗണപത് ദേവസ്വത്തിന്റെ ഭൂമിയായ ഈ ഭൂമി നിലവിൽ ഗ്രാമപഞ്ചായത്തിന്റെ പേരില്‍ തെറ്റായ രീതിയിൽ ആസ്തിരേഖ ഉണ്ടാക്കി കൊണ്ടാണ് ഗ്രാമപഞ്ചായത്ത് ഈ സ്ഥലം കൈവശം വെച്ചിരിക്കുന്നത്.

ക്ഷേത്രഭൂമിയെ തിരിച്ചുപിടിക്കാനായി തദ്ദേശവാസികളായ ഭക്തജനങ്ങൾ രൂപീകരിച്ചിരിക്കുന്ന ക്ഷേത്രഭൂമി സംരക്ഷണ സമിതി നടത്തുന്ന എല്ലാ പ്രക്ഷോഭ പരിപാടികൾക്കും ബിജെപി എല്ലാതരത്തിലുമുള്ള പിന്തുണയും പ്രഖ്യാപിച്ചു. എല്ലാവർഷവും നടന്നുകൊണ്ടിരിക്കുന്ന ക്ഷേത്രോത്സവത്തിൽ പതിരായക്കണക്കിന് ഭക്തജനങ്ങൾ ഒത്തുകൂടാറുണ്ട്.

ഈ ഭക്തജനങ്ങൾക്ക് അസൗകര്യം സൃഷ്ടിക്കുന്ന തരത്തിലാണ് ഗ്രാമപഞ്ചായത്ത് ഈ കെട്ടിട നിർമ്മാണം നടത്താൻ ശ്രമിക്കുന്നത്. ഭഗവതിക്ഷേത്രത്തിന്‍റെ കന്നിമൂലയില്‍ പൊളിഞ്ഞുപോയ ഗണപതിക്ഷേത്രത്തിന്‍റെ സ്ഥാനത്ത് പൊതുകക്കൂസ് പണിയാനുളള ശ്രമം വിശ്വാസികളെ വെല്ലുവിളിക്കല്‍ കൂടിയാണ്.ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള പരമ്പാഗത കന്നുകാലി ചന്ത ലാഭകരമാണെന്ന് കണ്ട് ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തതോടെ ഓരോ വർഷവും ലക്ഷക്കണക്കിന് രൂപ ലഭിക്കുന്നുണ്ട്.

ഈ തുക ഉപയോഗിച്ചുകൊണ്ട് ഏക്കർ കണക്കിന് ഭൂമി ഗ്രാമപഞ്ചായത്ത് ചന്തക്കമ്മറ്റി വാങ്ങിയിട്ടുമുണ്ട്. ഇത്രയും സ്ഥലം ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുണ്ടായിട്ടാണ് ഇങ്ങനെയൊരു പൊതു കക്കൂസ് നിർമ്മിക്കാൻ വേണ്ടി ക്ഷേത്രഭൂമിയെ തന്നെ ഗ്രാമപഞ്ചായത്ത് അധികൃതര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഇത് തികച്ചും അന്യായവും ക്ഷേത്രഭൂമി കയ്യേറ്റവുമാണ്. പൊതുസമൂഹം ഈ കയ്യേറ്റത്തെ തിരിച്ചറിഞ്ഞ് ക്ഷേത്രഭൂമി തിരികെ പിടിക്കുവാനുള്ള പരിശ്രമത്തിൽ സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ബിജെപി സംസ്ഥാന കമ്മറ്റിയംഗം രാമദാസ് മണലേരി,ജില്ലാ വൈസ്പ്രസിഡന്‍റ് കെ.പി.വിജയലക്ഷ്മി,സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ടി.കെ.പ്രഭാകരന്‍, പി.വിജയബാബു, ഒഞ്ചിയം മണ്ഡലം പ്രസിഡന്‍റ് ടി.പി.വിനീഷ്, വടകര മണ്ഡലം പ്രസിഡന്‍റ് പി.പി.വ്യാസന്‍, നാദാപുരം മണ്ഡലം പ്രസിഡന്‍റ് കെ.കെ.രഞ്ജിത്ത്, നേതാക്കളായ ടി.വി.ഭരതന്‍, കെ.പി.അഭിജിത്,വി.പി.അനില്‍കുമാര്‍,ടി.പി.സുരക്ഷിത, സി.പി പ്രിയങ്ക, പി.കെ.പ്രീത,ശ്രീകല അനില്‍, എം.സി.മന്മഥന്‍തുടങ്ങിയവര്‍ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply