Wednesday, December 4, 2024
GeneralSabari mala News

ഇരുമുടികെട്ടിൽ എന്തൊക്കെ വേണം? അനാവശ്യ സാധനങ്ങൾ ഒഴിവാക്കണമെന്ന് തന്ത്രിയും ദേവസ്വം ബോർഡും


തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ ഇരുമുടികെട്ടിൽ ആവശ്യമില്ലാത്ത പൂജാ സാധനങ്ങള്‍ നിറച്ചുകൊണ്ടുവരരുതെന്ന് തന്ത്രി. ഇരുമുടികെട്ടിൽ പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കണമെന്നും തന്ത്രി. ഇരുമുടികെട്ടിൽ കൊണ്ടുവരേണ്ട സാധനങ്ങള്‍ ഏതൊക്കെയാണെന്നും ഒഴിവാക്കേണ്ടവ ഏതൊക്കെയാണെന്നും വിശദമാക്കി തന്ത്രി കണ്ഠരര് രാജീവരര് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്‍റിന് കത്തയച്ചു.

പിൻകെട്ടിൽ അരി മാത്രം കരുതിയാൽ മതിയെന്നും മുൻകെട്ടിൽ ചന്ദനത്തിരി, കര്‍പ്പൂരം, പനിനീര്‍ തുടങ്ങിയ ആവശ്യമില്ലാത്ത സാധനങ്ങള്‍ ഒഴിവാക്കണമെന്നും തന്ത്രി കത്തിൽ അറിയിച്ചു. മുൻകെട്ടിൽ ഉണക്കലരി, നെയ്യ് തേങ്ങ, ശര്‍ക്കര, കദളിപ്പഴം, വെറ്റില, അടയ്ക്ക, കാണിപൊന്ന് ഇവ മാത്രം കരുതിയാൽ മതിയെന്നും തന്ത്രി അറിയിച്ചു. തന്ത്രിയുടെ നിര്‍ദേശ പ്രകാരം ദേവസ്വം ബോര്‍ഡ് എല്ലാ സബ് ഗ്രൂപ്പ് ഓഫീസര്‍മാരെയും ഇക്കാര്യം അറിയിച്ചു. ക്ഷേത്രങ്ങളിൽ കെട്ടുനിറയ്ക്കുന്നവര്‍ അനാവശ്യമായ സാധനങ്ങള്‍ ഉപേക്ഷിക്കണമെന്ന് ദേവസ്വം ബോര്‍ഡും അറിയിച്ചു.

തന്ത്രി ദേവസ്വം ബോര്‍ഡിന് അയച്ച കത്തിന്‍റെ പൂര്‍ണ രൂപം

വിഷയം: ഇരുമുടികെട്ടിലെ പ്ലാസ്റ്റിക് സംബന്ധിച്ച്

ഇപ്പോള്‍ ശബരിമലയിൽ വരുന്ന അയ്യപ്പ ഭക്ത ജനങ്ങള്‍ കൊണ്ടുവരുന്ന ഇരുമുടികെട്ടിൽ ധാരാളം പ്ലാസ്രഅറിക് കടന്നുവരുന്നുണ്ട്. ഇത് ശബരിമലയിൽ വലിയ പാരിസ്ഥിതിക പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ഇപ്പോള്‍ ഇരുമുടികെട്ടിൽ ആവശ്യമില്ലാത്ത പല സാധനങ്ങളും നിറച്ചാണ് വരുന്നത്. ഇത് ഒഴിവാക്കേണ്ടതാണ്.

ഇരുമുടികെട്ടിൽ രണ്ട് ഭാഗഹ്ങളാണ് ഉള്ളത്. മുൻ കെട്ട്- ശബരിമലയിൽ സമര്‍പ്പിക്കാൻ പിൻകെട്ട്- ഭക്ഷണ പദാര്‍ത്ഥങ്ങള്‍
പഴയകാലത്ത് അയ്യപ്പ ഭക്തന്മാര്‍ നടന്നാണ് ശബരിമലയിലെത്തിയിരുന്നത്. അവര്‍ക്ക് ഇടയ്ക്ക് താവളമടിച്ച് ഭക്ഷണം പാകം ചെയ്ത് കഴിക്കാനുള്ള നാളികേരം, അരി തുടങ്ങിയവ പിന്‍കെട്ടില്‍ കൊണ്ടുവരുകയാണ് രീതി.

ഇപ്പോള്‍ അതിന്‍റെ ആവശ്യമില്ല. അതിനാൽ പിൻകെട്ടിൽ കുറച്ച് അരി മാത്രം കരുതിയാൽ മതി. അത് ശബരിമലയിൽ സമര്‍പ്പിച്ച് നിവേദ്യം വാങ്ങാൻ സാധിക്കും. മുൻകെട്ടിൽ ആവശ്യമില്ലാത്ത ചന്ദനത്തിരി, കര്‍പ്പൂരം, പനിനീര്‍ ഇവയെല്ലാം ഒഴിവാക്കേണ്ടതാണ്. ഇതും അവിടെ ഉപയോഗിക്കുന്നില്ല. മുൻകെട്ടിൽ ഉണക്കലരി, നെയ്യ് തേങ്ങ, ശര്‍ക്കര, കദളിപ്പഴം, വെറ്റില, അടയ്ക്ക, കാണിപൊന്ന് ഇവ മാത്രം മതിയാകും.ഈ വിവരങ്ങള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്‍റെ മുമ്പിൽ സമര്‍പ്പിക്കുന്നു.


Reporter
the authorReporter

Leave a Reply