കക്കാട് ജി.എൽ.പി സ്‌കൂളിൽ അവധിക്കാല പരിശീലനങ്ങൾക്ക് ആവേശകരമായ തുടക്കം
മുക്കം: ലോകോത്തര നിലവാരത്തിലേക്ക് ചുവട് വയ്ക്കുന്ന കക്കാട് ഗവ. എൽ.പി സ്‌കൂളിൽ കുട്ടികൾക്കുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനത്തിന്റെ മുന്നോടിയായി രക്ഷിതാക്കൾക്കായി പ്രത്യേക ശിൽപശാല നടത്തി. പ്രശസ്ത മോട്ടിവേഷൻ സ്പീക്കറും ട്രെയിനറും ഗ്രന്ഥകാരനുമായ മുഹമ്മദ് ജാസിം ആണ് പരിശീലകൻ.
ഇന്ന് രാവിലെ രക്ഷിതാക്കൾക്കായി നടത്തിയ പരിശീലനത്തിൽ വീട്ടിലും സമൂഹത്തിലും കുട്ടികൾക്കു ലഭിക്കേണ്ട പിന്തുണയും പ്രോത്സാഹനവും എങ്ങനെയാവണമെന്ന് അദ്ദേഹം വിശദീകരിച്ചു. കുട്ടികൾ കഷ്ടപ്പെട്ടല്ല, ഇഷ്ടപ്പെട്ടാണ് ഈ പരിശീലനം പൂർത്തിയാക്കേണ്ടത്. അതിനാവശ്യമായ പിന്തുണ വീടുകളിൽനിന്ന് ഉണ്ടാവണമെന്നും അദ്ദേഹം രക്ഷിതാക്കളെ ഓർമിപ്പിച്ചു.
കുട്ടികളുടെ വർധിച്ച പങ്കാളിത്തം കണക്കിലെടുത്ത് ദിവസവും രണ്ടു ബാച്ചായാണ് പരിശീലനം നൽകുന്നത്. ഒരുമാസത്തോളം നീളുന്ന അവധിക്കാല പരിശീലനത്തിന്റെ സമാപനത്തിൽ കുട്ടികളും രക്ഷിതാക്കളും ഒരുമിച്ചുള്ള വ്യത്യസ്ത അനുഭവം പകരുന്ന സെഷനും ക്രമീകരിച്ചിട്ടുണ്ട്. സ്‌കൂൾ തുറന്നാലും പരിശീലനം കുട്ടികൾക്ക് മുടക്കമില്ലാതെ ലഭ്യമാക്കി, അവരിൽ ആശയവിനിമയ ശേഷി വർധിപ്പിക്കുന്ന പദ്ധതിയുമായി മുന്നോട്ടുപോകാനാണ് അധികൃതർ ഉദ്ദേശിക്കുന്നത്. കുട്ടികൾക്ക് ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കാനും അവരിൽ ആത്മവിശ്വാസം വളർത്താനും വ്യക്തിത്വ വികാസത്തിലുമെല്ലാം ഏറെ മുതൽക്കൂട്ടാവുന്നതാണ് ഈ ശിൽപശാല. കുട്ടികൾക്കുള്ള പരിശീലനം (നാളെ) വെള്ളിയാഴ്ച മുതലാണ്. രാവിലെ പത്തിനും 12നുമായി രണ്ടു ബാച്ചുകളായാണ് പരിശീലനം.
സ്‌കൂൾ പ്രധാനാധ്യാപിക ജാനിസ് ജോസഫ്, സ്‌കൂൾ മാനേജിംഗ് കമ്മിറ്റി ചെയർമാൻ കെ.സി റിയാസ്, പി.ടി.എ പ്രസിഡന്റ് അഷ്‌റഫ് കെ.സി പ്രസംഗിച്ചു. രക്ഷിതാക്കളുടെ സംശയങ്ങൾക്ക് മുഹമ്മദ് ജാസിം മറുപടി പറഞ്ഞു. പി.ടി.എ വൈസ് പ്രസിഡന്റ്, മുനീർ പാറമ്മൽ, മുൻ പി.ടി.എ പ്രസിഡന്റുമാരായ ശിഹാബ് പുന്നമണ്ണ്, ഇ അഹമ്മദ്കുട്ടി, പി.ടി.എ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ നൗഷാദ് എടത്തിൽ, സലാം കോടിച്ചലത്ത്, ആശിഖ് മണ്ണിൽ, സ്‌കൂൾ സ്റ്റാഫ് സെക്രട്ടറി ഷംസു മാസ്റ്റർ, സീനിയർ അസിസ്റ്റന്റ് ഷഹനാസ് ടീച്ചർ, ഫിറോസ് മാസ്റ്റർ, ഷീബ ടീച്ചർ, വിപിന്യ ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി. പാഠ്യ-പാഠ്യേതര രംഗത്ത് പുതുവഴികളിലൂടെ കുട്ടികളെ ബഹുദൂരം മുന്നിലെത്തിത്തിക്കുന്നതിന് കാലം ആവശ്യപ്പെടുന്ന വൈവിദ്ധ്യമാർന്ന പുതിയ ചുവടുകൾക്കാണ് സ്‌കൂളിൽ കളമൊരുങ്ങുന്നത്. നാളെയുടെ ഭാവി താരങ്ങളെ ചിട്ടയായി വളർത്തിക്കൊണ്ടുവരാനായി, കുട്ടികൾക്ക് മാത്രമായി ഫുട്ബാൾ പരിശീലനത്തിനും സ്‌കൂളിൽ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതും അടുത്ത ആഴ്ച ആരംഭിക്കാനാകുംവിധത്തിലാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നത്. കുട്ടികൾക്കാവശ്യമായ ജഴ്‌സി സ്‌കൂൾ നൽകും.