GeneralPolitics

ബിജെപി എന്‍ഐടി മാര്‍ച്ച്


കോഴിക്കോട്: പ്രദേശവാസികളോടും, തൊഴിലാളികളോടും യുദ്ധപ്രഖ്യാപനം നടത്തി മുന്നോട്ട് പോകുന്ന എന്‍ഐടി അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് ബിജെപി എന്‍ഐടിയിലേക്ക് മാര്‍ച്ച് നടത്തി.മാര്‍ച്ച് ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ ഉദ്ഘാടനം ചെയ്തു.നാട്ടുകാരോടും,നിലവിലെ തൊഴിലാളികളോടും യുദ്ധപ്രഖ്യാപനം നടത്തി മുന്നോട്ട് പോകുന്ന എന്‍ഐടി അധികാരികള്‍ ആ നിലപാട് തിരുത്തണമെന്നും വി.കെ.സജീവന്‍ ആവശ്യപ്പെട്ടു.വലിയ സ്ഥാപനങ്ങള്‍ ഉണ്ടാകുമ്പോള്‍ അനുബന്ധ ഗുണങ്ങള്‍ ആ പ്രദേശത്തും ലഭിക്കണം.

വര്‍ഷങ്ങളായി നിലനില്ക്കുന്ന വ്യവസ്ഥകള്‍ മാറ്റുമ്പോള്‍ അധികാരം പ്രയോഗിക്കുന്നതിന് മുമ്പ് പ്രദേശവാസികളേയും,തൊഴിലാളി സംഘടനകളേയും വിശ്വാസത്തിലെടുത്ത് ധാരണയില്‍ പോകാനാണ് ഇനിയെങ്കിലും അധികൃതര്‍ തയ്യാറാകേണ്ടത്. പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന റോഡ് അടക്കുമ്പോഴും,തൊഴിലാളികളെ പിരിച്ചുവിടാന്‍ തീരുമാനിക്കുമ്പോഴും, നിലവിലെ തൊഴിലാളികളില്‍ നിന്നുള്‍പ്പെടെ ഭീമമായ സെക്യൂരിറ്റി തുക വാങ്ങാന്‍ തീരുമാനിക്കുമ്പോഴും ബന്ധപ്പെട്ടവര്‍ക്ക് ഒരു അറിയിപ്പ് പോലും നല്‍കാതെയാണ് തീരുമാനമെടുത്തത്.

ജനവിരുദ്ധവും,മനുഷ്യത്വ വിരുദ്ധവുമായ പരിഷ്കരണങ്ങള്‍ സ്വന്തമായി നടപ്പിലാക്കുന്നവര്‍ അതിന്‍റെ ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിന്‍റെ തലയില്‍ കെട്ടിവെക്കാന്‍ നോക്കേണ്ടെന്നും സജീവന്‍ പറഞ്ഞു. ബിജെപി മണ്ഡലം വൈസ്പ്രസിഡന്‍റ് കല്പളളി നാരായണന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു.
ടി.ചക്രായുധന്‍,വിദ്യുല്‍ ലത,കെ.യം.സിബി,ശിവദാസന്‍ മംഗലശ്ശേരി,ജനാര്‍ദ്ദനന്‍ കട്ടാങ്ങല്‍ തുടങ്ങിയവര്‍ സംസാരിച്ചു.പിരിച്ചുവിടല്‍ ഭീഷണി നേരിടുന്ന നിരവധി തൊഴിലാളികള്‍ കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് ദീര്‍ഘനേരം കാത്ത് നിന്നാണ് ബിജെപി ജില്ലാപ്രസിഡന്‍റിനോട് പരാതികള്‍ ബോധിപ്പിച്ചത്.


Reporter
the authorReporter

Leave a Reply