പാലക്കാട് : രാത്രി 8 മുതൽ രാവിലെ 6 വരെ സ്ത്രീകളും മുതിർന്ന പൗരൻമാരും ഭിന്നശേഷിക്കാരും ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ ബസ് നിർത്തണമെന്ന് സർക്കുലർ നിർദ്ദേശിക്കുന്നുണ്ടെങ്കിലും ദീർഘദൂര മൾട്ടി ആക്സിൽ എ.സി സൂപ്പർ ഡീലക്സ്, സൂപ്പർ എക്സ്പ്രസ് ബസുകളിൽ ഈ നിർദ്ദേശം നടപ്പാക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണെന്ന് കെ.എസ്.ആർ.റ്റി.സി മാനേജിംഗ് ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
ഇത് ദീർഘ ദൂര യാത്രക്കാർക്ക് അസൗകര്യമാണെന്നും നിരവധി പരാതികൾ ഉയർന്നു വന്നിട്ടുള്ളതാണെന്നും തുടർന്നും ഇത്തരം സർവ്വീസുകൾ നിർദ്ദിഷട സ്ഥലങ്ങളിലല്ലാതെ നിർത്തുന്നതല്ലെന്നും കെ.എസ്.ആർ.ടി.സി കമ്മീഷനെ അറിയിച്ചു.
പാലക്കാട് – വാളയാർ റൂട്ടിൽ പതിനാലാംകല്ലിൽ ബസുകൾ നിർത്താറില്ലെന്ന് പരാതിപ്പെട്ട് സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
വാളയാർ – പാലക്കാട് റൂട്ടിൽ രാത്രികാലങ്ങളിൽ ഓർഡിനറി ബസ് സർവ്വീസുകൾ ഏർപ്പെടുത്താനുള്ള സാധ്യത പരിശോധിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
കെ.എസ്.ആർ.റ്റി.സി പാലക്കാട് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.
പാലക്കാട് – വാളയാർ റൂട്ടിൽ രാത്രികാലത്ത് ബസ് സർവ്വീസുകൾ കുറവായ സാഹചര്യത്തിലാണ് നടപടി. പാലക്കാട് സ്വദേശി മണികണ്ഠൻ സമർപ്പിച്ച പരാതിയിലാണ് നടപടി.