Saturday, January 25, 2025
Latestsports

യോഗ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കണം: മന്ത്രി അഹമ്മദ് ദേവർ കോവിൽ


കോഴിക്കോട്:ജീവിത ശൈലീ രോഗങ്ങളിൽ ഉൾപ്പെടെ പ്രതിരോധ ശേഷി വർധിപ്പിക്കാനും ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്താനുമായി യോഗ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കി മാറ്റാമെന്ന് തുറമുഖം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ. ഒൻപതാമത് അന്തർദേശീയ യോഗാ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ തിരഞ്ഞെടുക്കാനും ശരീരത്തിന്റെ ആവശ്യകതകളിൽ മതിയായ ശ്രദ്ധ കേന്ദ്രീകരിക്കാനുമെല്ലാം യോഗ ചെയ്യുന്നതിലൂടെ സാധിക്കും. യോഗ ശാരീരിക വ്യായാമങ്ങളോ ആസനങ്ങളോ മാത്രമല്ല. ശരീരം, മനസ്സ്, ആത്മാവ്, പ്രപഞ്ചം എന്നിവയെ സംയോജിപ്പിക്കുകയാണു യോഗ വഴി ചെയ്യുന്നത്. ഒരു വ്യക്തിയുടെ പെരുമാറ്റത്തിലും ചിന്താരീതിയിലും നിലപാടിലും യോഗ വലിയ വ്യത്യാസമുണ്ടാക്കുന്നുണ്ട്. ഇത്തരം ചിന്തകളിലേക്ക് വഴി നടത്താൻ അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ സന്ദേശം പ്രചോദനമാകട്ടെ എന്ന് മന്ത്രി പറഞ്ഞു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ആയുഷ് ക്ലബ് രൂപീകരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം എം.എൽ.എ നിർവഹിച്ചു.

ആയുഷ് വകുപ്പിന് കീഴിലുള്ള നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. “വസുധൈവ കുടുംബകം – ഏകലോക സമഗ്ര ആരോഗ്യം’ എന്നതാണ് ഈ വർഷത്തെ സന്ദേശം.

സമുദ്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ എം.കെ മഹേഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ഷാഫി, ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) ഡോ. കവിത പുരുഷോത്തമൻ, ജില്ലാ മെഡിക്കൽ ഓഫീസർ (ഭാരതീയ ചികിത്സാവകുപ്പ്) ഡോ. ജെസ്സി പി. സി, അസിസ്റ്റന്റ് കമ്മീഷണർ പി.ബിജു രാജ് എന്നിവർ സംസാരിച്ചു. ദേശീയ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അനീന പി ത്യാഗരാജ് സ്വാഗതവും ജില്ല ആയുർവേദ ആശുപത്രി സി.എം.സി ഡോ. ലീന വി.എം നന്ദിയും പറഞ്ഞു.


Reporter
the authorReporter

Leave a Reply