കോഴിക്കോട്: സിൽവർ ലൈൻ പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കാൻ കേന്ദ്രം അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ . ഡിപിആർ തയ്യാറാക്കാൻ മാത്രമാണ് കേന്ദ്രം അനുമതി നൽകിയത്. എന്നാൽ മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. കെ റെയിൽ (K Rail) വിരുദ്ധ പ്രക്ഷോഭത്തിന് നേരെ ഇന്നലെ ചങ്ങനാശേരിയിൽ നടന്നത് കാടത്തമാണെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു. സ്ത്രീകൾക്കെതിരെയുണ്ടായ അക്രമം ലജ്ജാകരമാണ്. ഇത് ചെയ്തവരാണ് ശബരിമലയിൽ സ്ത്രീ ശാക്തീകരണത്തിന് വാദിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി ഏകാധിപതിയെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. കെ റെയില്‍ ജനങ്ങളുടെ പദ്ധതിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ജനസംവാദം നടത്തിയെന്ന് മുഖ്യമന്ത്രി അവകാശപ്പെടുന്നു. എന്നാൽ പണക്കാരായ ചില മാന്യന്മാരുമായാണ് ചർച്ച ചെയ്തത്. പ്രതിപക്ഷം മൗനം തുടരുകയാണെന്നും സിൽവർലൈൻ പദ്ധതി ബിജെപി അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.