Latest

അർജുനെ കുറിച്ച് അമ്മ ഷീല എഴുതിയ പുസ്തകം പ്രകാശനം ചെയ്തു 

Nano News

മനുഷ്യർ സ്നേഹത്തോടെ ഇടപെട്ട പ്രയത്നത്തിന്റെ കഥയെന്ന് എം. മുകുന്ദൻ 

കോഴിക്കോട്: ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ ലോറി ഡ്രൈവർ അർജുനെക്കുറിച്ച് അമ്മ ഷീല കുറുവച്ചാലിൽ രചിച്ച് കേരള വിഷൻ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന ‘അർജുൻ എന്റെ മകൻ’ എന്ന പുസ്തകത്തിന്റെ പ്രകാശനം സാഹിത്യകാരൻ എം.മുകുന്ദൻ നിർവഹിച്ചു. അർജുന്റെ ഗ്രാമമായ കണ്ണാടിക്കലിലെ സി. കുഞ്ഞിക്കുട്ടി സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.വി. ശ്രേയാംസ്കുമാർ ആദ്യപുസ്തകം ഏറ്റുവാങ്ങി. പുസ്തകത്തിലൂടെ അമ്മ ഷീല പറയുന്നത് അർജുന്റെ കഥ മാത്രമല്ല, ഒരു വ്യക്തിക്ക് വേണ്ടി മനുഷ്യർ പരസ്പര സ്നേഹത്തോടെ ഇടപെട്ട കഥ കൂടിയാണെന്ന് എം.മുകുന്ദൻ പറഞ്ഞു. അർജുന്റെ കുടുംബം തന്റെയും കുടുംബമാണ്. കണ്ണാടിക്കൽ തനിക്ക് മയ്യഴിയെ പോലെയാണ് അനുഭവപ്പെടുന്നത്. സോഷ്യൽ മീഡിയയിലൂടെ മോശം പ്രതികരണം നടത്തുന്നവരുടെ മനസ്സിനെ കൂടി ശുദ്ധീകരിക്കാൻ ഈ പുസ്തകത്തിന് സാധിക്കുമെന്നും എം. മുകുന്ദൻ പറഞ്ഞു. കേരളത്തിലെ എല്ലാവരുടെയും മകനാണ് അർജുനെന്ന് എം.വി.ശ്രേയാംസ്കുമാർ പറഞ്ഞു. എന്നാൽ ഒരു അമ്മ അനുഭവിച്ച വേദനകൾ എഴുത്തിലൂടെ പറയുമ്പോൾ അതിന് ഏറെ പ്രത്യേകതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മകനെ കുറിച്ചുള്ള തന്റെ മനസ്സിലെ ചിന്തകളാണ് പുസ്തകമായി പരിണമിച്ചതെന്ന് എഴുത്തുകാരിയും അർജുന്റെ അമ്മയുമായ ഷീല കുറുവച്ചാലിൽ മറുപടി പ്രസംഗത്തിൽ വ്യക്തമാക്കി. കേരള വിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജീസ് എം.ഡി.കെ.ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. എം.കെ. രാഘവൻ എം.പി മുഖ്യപ്രഭാഷണം നടത്തി. മുൻ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻ പിള്ള മുഖ്യാതിഥിയായി. എഴുത്തുകാരൻ എ.സുരേഷ് പുസ്തകം പരിചയപ്പെടുത്തി. രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായ ഈശ്വർ മൽപെ, ഷിരൂരിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ച മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫ്, കാർവാർ എം.എൽ.എ സതീഷ് സെയിൽ എന്നിവരെ ആദരിച്ചു. രക്ഷാപ്രവർത്തനത്തിലെ അനുഭവങ്ങളും അവർ പങ്കുവെച്ചു. മുൻ എംഎൽഎ എ.പ്രദീപ്കുമാർ, മുൻ മേയർ ഡോ.എം.ബീന ഫിലിപ്പ്, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ്, കേരള വിഷൻ ന്യൂസ് മാനേജിംഗ് ഡയറക്ടർ പ്രിജേഷ് അച്ചാണ്ടി, കേരള വിഷൻ പബ്ലിക്കേഷൻസ് എഡിറ്റർ എൻ.ഇ.ഹരികുമാർ,

കേരള വിഷൻ ന്യൂസ് ഡയറക്ടർ എ.സി.നിസാർബാബു എന്നിവർ സംസാരിച്ചു. പ്രിയപ്പെട്ട ലോറിക്കൊപ്പം ഗംഗാവലിപ്പുഴയുടെ കയങ്ങളിലേക്ക് ജീവനറ്റുപോയ മകൻ അർജുനെ കുറിച്ച് അമ്മ ഷീല പുസ്തകത്തിലൂടെ ഓർത്തെടുക്കുകയാണ്. പ്രമുഖ ദുരന്തനിവാരണ വിദഗ്ദ്ധൻ മുരളി തുമ്മാരുകുടിയാണ് പുസ്തകത്തിന് അവതാരിക നൽകിയിരിക്കുന്നത്.

 

 

 


Reporter
the authorReporter

Leave a Reply