കോഴിക്കോട്: സ്വതന്ത്ര ഭാരതത്തില്‍ മാതൃഭൂമിയുടെ പങ്ക് എടുത്തു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാതൃഭൂമിയുടേത് സ്വതന്ത്ര്യത്തിനായി പോരാടിയ ചരിത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷം നീളുന്ന മാതൃഭൂമിയുടെ ശതാബ്ദി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി .കൊളോണിയല്‍ ഭരണത്തിനെതിരെ നമ്മുടെ രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കാന്‍ ഇന്ത്യയിലുടനീളം സ്ഥാപിതമായ പത്രങ്ങളുടെയും ആനുകാലികങ്ങളുടെയും മഹത്തായ പാരമ്പര്യത്തിന്റെ പ്രധാന ഭാഗമാണ് മാതൃഭൂമി. മഹാത്മാഗാന്ധിയുടെ ആദര്‍ശങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെ ശക്തിപ്പെടുത്താനാണ് മാതൃഭൂമി പിറന്നത്.യോഗ, ഫിറ്റ്‌നസ്, ബേട്ടി ബച്ചാവോ ബേഠി പഠാവോ തുടങ്ങിയ പദ്ധതികള്‍ ജനകീയമാക്കുന്നതില്‍ മാധ്യമങ്ങള്‍ വളരെ പ്രോത്സാഹജനകമായ പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോഴിക്കോട് സരോവരം മൈതാനത്തെ ട്രേഡ് സെന്ററില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തത്സമയം ഓണ്‍ലൈന്‍ ഭാഷണത്തിലൂടെയാണ് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തത്.
ജനാധിപത്യം ഉയര്‍ത്തിപ്പിടിക്കാന്‍ സാധിച്ച മാധ്യമമാണ് മാതൃഭൂമിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.അയിത്തോച്ഛാടനത്തെ പിന്തുണച്ചതും ക്ഷേത്രപ്രവേശനം പോലുള്ളവയെ ഉത്സാഹപൂര്‍വം പ്രോത്സാഹിപ്പിച്ചതുമായ ചരിത്രമാണ് മാതൃഭൂമിക്കുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.ബ്രീട്ടീഷ് സാമ്രാജ്യത്തിന്റെ അടിച്ചമര്‍ത്തലുകളെ അതിജീവിച്ചുകൊണ്ട് നിലനിന്ന ചുരുക്കം ചില പത്രങ്ങളിലൊന്നാണ് മാതൃഭൂമിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.