LatestPolitics

ജില്ലയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമ്പൂർണ ചരിത്രം രചിക്കാൻ സിപിഐ

Nano News

കോഴിക്കോട്: ജില്ലയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമഗ്ര ചരിത്ര രചന നിർവഹിക്കാനുള്ള പ്രവർത്തനങ്ങളുമായി സിപിഐ. പോരാട്ട വീഥിയിൽ ഉയർന്ന ശബ്ദങ്ങളും ജില്ലയിൽ നടന്ന ഉജ്വല തൊഴിലാളി- കർഷക സമരങ്ങളും ത്യാഗനിർഭരമായ ജീവിതം നയിച്ച കമ്യൂണിസ്റ്റ് നേതാക്കളുടെ ജീവിതവുമെല്ലാം കൃത്യമായി രേഖപ്പെടുത്താതെ പോയ സാഹചര്യത്തിലാണ് സിപിഐ ജില്ലാ കൗൺസിൽ സമ്പൂർണമായ ചരിത്ര രചനയെന്ന വലിയ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ചരിത്ര വസ്തുതകൾ പലപ്പോഴും വ്യക്തികളുടെ ഓർമകളിലും ചിതറിക്കിടക്കുന്ന രേഖകളിലും പത്രവാർത്തകളിലും മാത്രമായി ഒതുങ്ങിപ്പോകുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ദൗത്യം ഏറ്റെടുത്തതെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ് പറഞ്ഞു.

എഴുതപ്പെട്ട ചരിത്രമാവട്ടെ പലപ്പോഴും ഏകപക്ഷീയമാവുകയും മഹാരഥൻമാരായ പൂർവിക കമ്യൂണിസ്റ്റ് നേതാക്കൾക്ക് വേണ്ടത്ര പരിഗണന കിട്ടാതെ പോവുകയും ചെയ്തിട്ടുണ്ട്. പ്രോജ്ജ്വലമായ ഒട്ടേറെ സമര കേന്ദ്രങ്ങളും ഇത്തരം ചരിത്ര രചനയിൽ അവഗണിക്കപ്പെട്ടു. ഇത്തരമൊരു സാഹചര്യത്തിൽ ജില്ലയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമഗ്രവും വസ്തുനിഷ്ഠവും രേഖാപരമായി സ്ഥിരീകരിക്കപ്പെട്ടതുമായ ചരിത്രം തയ്യാറാക്കുക കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് ഇങ്ങനെയൊരു പദ്ധതി പാർട്ടി ആവിഷ്ക്കരിച്ചത്.

ജില്ലയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉദ്ഭവം മുതലുള്ള സമഗ്ര ചരിത്രമാണ് ശാസ്ത്രീയ രീതിയിൽ രേഖപ്പെടുത്തുന്നത്. ജില്ലയിലെ പ്രമുഖ നേതാക്കൾ, പ്രവർത്തകർ, രക്തസാക്ഷികൾ എന്നിവരുടെ ജീവിതവും സംഭാവനകളും, തൊഴിലാളി, കർഷക, വിദ്യാർത്ഥി, യുവജന, വനിതാ പ്രസ്ഥാനങ്ങളുടെ ചരിത്രം, പ്രധാന സമരങ്ങൾ, പ്രക്ഷോഭങ്ങൾ, തെരഞ്ഞെടുപ്പ് ചരിത്രം, അപൂർവ രേഖകൾ, ചിത്രങ്ങൾ, പത്രവാർത്തകൾ, കത്തുകൾ എന്നിവയെല്ലാം പുസ്തകത്തിൽ ക്രോഡീകരിക്കും. പാർട്ടി പിളർപ്പിന് മുമ്പും ശേഷവുമായി രണ്ട് ബൃഹത് പഠന ഗ്രന്ഥങ്ങളാണ് രചിക്കപ്പെടുന്നത്. ഇതിനൊപ്പം വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യും. ജില്ലയുടെ ചരിത്രത്തിനൊപ്പം പ്രസ്ഥാനത്തിന്റെ ആരംഭകാലം മുതലുള്ള മുഴുവൻ വിവരങ്ങളും ഉൾക്കൊള്ളിക്കാനും ശ്രമം നടത്തുന്നുണ്ടെന്ന് ചരിത്ര രചനയുടെ മുന്നോടിയായി കൃഷ്ണപിള്ള മന്ദിരത്തിൽ സംഘടിപ്പിച്ച ചരിത്ര രചന ശില്പശാല ഉദ്ഘാടനം ചെയ്തുകൊണ്ട് അഡ്വ. പി ഗവാസ് പറഞ്ഞു.

ചടങ്ങിൽ അനിൽ മാരാത്ത് സ്വാഗതം പറഞ്ഞു. അജയ് ആവള അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം ടി വി ബാലൻ, സംസ്ഥാന കൗൺസിൽ അംഗം അജിത് കൊളാടി, പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. കെ പാപ്പുട്ടി, കവിയും നാടകപ്രവർത്തകനുമായ എം എം സചീന്ദ്രൻ, മലബാർ ക്രിസ്ത്യൻ കോളേജ് ചരിത്രവിഭാഗം മുൻ മേധാവി ഡോ. എം സി വസിഷ്ഠ്, ഇ സി സതീശൻ, ഇ കെ അജിത്, ആർ സത്യൻ, ചൂലൂർ നാരായണൻ എന്നിവർ സംസാരിച്ചു. പി കെ സബിത്ത്, മുരളി പള്ളിക്കര, ഇ രാധാകൃഷ്ണൻ, പി കെ കണ്ണൻ, കെ നീനി, കെ അജിന, ടി സുരേന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ടി എം ശശി നന്ദി രേഖപ്പെടുത്തി.


Reporter
the authorReporter

Leave a Reply