തിരുവനന്തപുരം: മാവേലി എക്സ്പ്രസിലെ യാത്രക്കാരനെ എ.എസ് ഐ മർദ്ദിച്ച സംഭവം കേരളത്തിലെ പൊലീസ് ഗുണ്ടായിസത്തിന്റെ അവസാനത്തെ ഉദ്ദാഹരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനത്ത് ആഭ്യന്തരമന്ത്രി നോക്കുകുത്തിയാണെന്നും പൊലീസ് അഴിഞ്ഞാടുകയാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ഗുണ്ടകളും ക്രിമിനലുകളും യഥേഷ്ടം അക്രമങ്ങൾ നടത്തുമ്പോൾ പൊലീസ് സാധാരണക്കാരുടെ നെഞ്ചത്ത് കയറുകയാണ്. കടുത്ത മനുഷ്യാവകാശ ലംഘനമാണ് മാവേലി എക്സ്പ്രസിൽ ഉണ്ടായിരിക്കുന്നത്. തൊലിപ്പുറത്തെ ചികിത്സയല്ല കർശനമായ നടപടികളാണ് വേണ്ടത്. മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരവകുപ്പ് ഒഴിയുന്നതാണ് നല്ലത്.
ടിക്കറ്റില്ലാതെ സ്ലീപ്പർ കോച്ചിൽ യാത്രചെയ്തുവെന്ന കുറ്റത്തിനാണ് യാത്രക്കാരനെ പൊലീസ് ഉദ്യോഗസ്ഥൻ ക്രൂരമായി മർദ്ദിച്ചതെന്നാണ് പറയുന്നത്. ടിക്കറ്റ് പരിശോധിക്കേണ്ടത് ടിടിആർ ആണെന്നിരിക്കെയാണ് പൊലീസുകാരൻ ടിക്കറ്റ് ചോദിച്ചെത്തി സ്ലീപ്പർ കമ്പാർട്ട്മെന്റിലിരിക്കുകയായി രുന്ന യാത്രക്കാരനെ മർദ്ദിച്ചതെന്തിനാണെന്ന് മനസിലാകുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.