കോഴിക്കോട്: ബൈക്കിൽ കടത്തിയ 32 ലിറ്റർ മാഹി വിദേശമദ്യവുമായി രണ്ടു പേർ എക്സൈസിൻ്റെ പിടിയിലായി. എ ടി സഞ്ജു (29), പി കെ സനീഷ് (30) എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. വടകര എക്സൈസ് റേഞ്ച് സംഘം ജോയിന്റ് എക്സൈസ് കമ്മീഷണർ സ്‌ക്വാഡിലെ സിവിൽ എക്സൈസ് ഓഫീസർ രാഗേഷ് ബാബു ജി ആർ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ -കോഴിക്കോട് ദേശീയ പാതയിൽ സ്ഥിതി ചെയ്യുന്ന ചോറോട് റെയിൽവേ മേൽപ്പാലത്തിന് സമീപം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
32 ലിറ്റർ മാഹി വിദേശ മദ്യം കെ എൽ 56 യു 2877 നമ്പർ ബജാജ് പൾസർ ബൈക്കിൽ കടത്തവെയാണ് അറസ്റ്റ്. വടകര എക്സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ രഞ്ജിത്ത് ടി ജെ, സിവിൽ എക്സൈസ് ഓഫീസർമാരായ വിജേഷ് പി, വിനീത് എം പി, സിനീഷ് കെ, മുസ്‌ബിൻ ഇ എം എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.