കോഴിക്കോട്: മാത്തോട്ടം സ്വദേശിയും ഏവിയേഷൻ കോഴ്സ് വിദ്യാർത്ഥിയുമായ യുവാവിനെ ക്രൂരമായി മർദ്ദിച്ച ക്വട്ടേഷൻ സംഘത്തിലെ മൂന്നു പേർ പിടിയിൽ. പയ്യാനക്കൽ സ്വദേശി മുഫീദ മൻസിലിൽ ഷംസുദീൻ ടി വി (31), ചക്കുംകടവ് ആനമാട് അരീക്കാടൻ വീട്ടിൽ മുഹമ്മദ് റഫീക്ക് (34), പയ്യാനക്കൽ കീഴിൽപറമ്പ് ഷഹദ് മൻസിലിൽ കെഫ്സീബ് (31) എന്നിവരാണ് പിടിയിലായത്. വിദേശത്ത് ജോലി ചെയ്യുന്ന പയ്യാനക്കൽ സ്വദേശിയുടെ ഭാര്യയുമായി യുവാവിനുള്ള സൗഹൃദമാണ് ക്വട്ടേഷന് കാരണമായത്. ഭർത്താവ് സുഹൃത്തുക്കളോട് കാര്യം പറയുകയും അവർ ക്വട്ടേഷൻ ഏറ്റെടുക്കുകയുമായിരുന്നു.
ജനുവരി പതിനഞ്ചിനാണ് ക്വട്ടേഷൻ സംഘം യുവാവിനെ വീടിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് ക്രൂരമായി മർദ്ദിച്ചത്. യുവാവിന്റെ കരച്ചിൽ കേട്ട് സമീപത്തെ വീടുകളിൽ ലൈറ്റിട്ടപ്പോൾ പ്രതികൾ ഓടിപ്പോവുകയായിരുന്നു. യുവാവിന്റെ പരാതിയിൽ ഫറോക്ക് അസി. കമ്മീഷണർ എ എം സിദ്ദിഖിന്റെ നിർദ്ദേശപ്രകാരം കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ കെ ഇ ബൈജുവിന്റെ കീഴിലുള്ള സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും മാറാട് പോലീസും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികൾ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയിരുന്നു. ഉത്തരേന്ത്യയിലേക്ക് കടന്ന പ്രതികൾ ഗുജറാത്തിലെ അഹമ്മദാബാദ്, രാജസ്ഥാനിലെ അജ്മീർ എന്നിവടങ്ങളിലായിരുന്നു ഒളിവിൽ കഴിഞ്ഞത്. അന്വേണസംഘം ഉത്തരേന്ത്യൻ ബന്ധങ്ങളുപയോഗിച്ച് ഇവരുടെ നീക്കങ്ങൾ നിരീക്ഷിച്ചു. പ്രതികൾ കർണ്ണാടക ഭാഗത്തേക്ക് യാത്ര ചെയ്യുന്നുണ്ടെന്ന് മനസ്സിലാക്കിയ അന്വേഷണ സംഘം ഉടുപ്പിയിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. മാറാട് പോലീസും സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ ക്വട്ടേഷൻ നൽകിവയവരെ കുറിച്ചും നേരിട്ടും അല്ലാതെയും കൃത്യത്തിൽ പങ്കെടുത്തവരെക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങൾ കൂടുതൽ അറസ്റ്റ് ഉണ്ടാവുമെന്ന് പോലീസ് അറിയിച്ചു. പിടിയിലായ ഷംസുദ്ദീൻ കസബ ഗോൾഡ് കവർച്ച കേസിലെ പ്രതിയാണ്.
സ്പെഷ്യൽ ആക്ഷൻ ഫോഴ്സിലെ സബ്ബ് ഇൻസ്പെക്ടർ ഒ മോഹൻദാസ് സീനിയർ സിപിഒ മാരായ ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, സിപിഒ മാരായ സുമേഷ് ആറോളി, അർജ്ജുൻ എ കെ, മാറാട് പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ശശികുമാർ കെ വി, എ എസ് ഐ സജിത്ത് കുമാർ വി വി, സീനീയർ സിപിഒ മാമുക്കോയ എന്നിവരാണ് കേസന്വേഷണം നടത്തിയിരുന്നത്.