കോഴിക്കോട്: കേരളത്തിന്‍റെ പൊതുമേഖലാ സ്ഥാപനമായ ചെറുവണ്ണൂര്‍ സ്റ്റീല്‍ കോംപ്ലക്സ് സ്വകാര്യ കമ്പനിയില്‍ നിന്ന് തിരിച്ചു പിടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ കൈക്കൊളളണമെന്ന് ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ ആവശ്യപ്പെട്ടു. സ്റ്റീല്‍ കോംപ്ലക്സ് സ്വകാര്യ കമ്പനിയുടെ കയ്യിലെത്തിയത് സംസ്ഥാന സര്‍ക്കാരിന്‍റെ കുറ്റകരമായ അനാസ്ഥമൂലമാണ്. 2022 നവമ്പര്‍ 24ന് ലോ ട്രൈബൂണലിനോട് 107 കോടി അടക്കാന്‍ 7 ദിവസത്തെ സാവകാശം ചോദിച്ച സംസ്ഥാന സര്‍ക്കാര്‍ ഇക്കാലമത്രയും എന്തെടുക്കുകയായിരുന്നു.
2016ല്‍ അടച്ച സ്ഥാപനം തുറന്നു പ്രവര്‍ത്തിക്കാന്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തി തീരുമാനിച്ച കാര്യങ്ങള്‍ സര്‍ക്കാര്‍ ഉത്തരവിറക്കി നടപ്പാക്കുന്നതില്‍ ആരാണ് പിന്നില്‍ നിന്ന് കുത്തിയതെന്ന് മുഖ്യമന്ത്രി മറുപടി പറയണം.അസംസ്കൃത വസ്തുക്കള്‍ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്‍ഡ്യ നല്‍കുമെന്ന ഉറപ്പിന്‍മേല്‍ നിബന്ധനകള്‍ പാലിച്ചുകൊണ്ട് എന്തുകൊണ്ട് ഫാക്ടറി തുറന്നു പ്രവര്‍ത്തിച്ചില്ല.
വ്യവസായങ്ങളുടെ ശവപ്പറമ്പാക്കാന്‍ കോഴിക്കോടിനെ അനുവദിക്കില്ലെന്നും തൊഴിലാളികളേയും,തൊഴില്‍ ശാലയേയും സംരക്ഷിക്കാന്‍ ശക്തമായ പോരാട്ടത്തിന് ബിജെപി തയ്യാറാവുമെന്നും വി.കെ.സജീവന്‍ കൂട്ടിച്ചേര്‍ത്തു.