കോഴിക്കോട്: ചെറുത്തു നിൽപിലൂടെ പെൺകരുത്തു തെളിയിച്ച നഗരത്തിലെ രണ്ടു വനിതകൾക്ക് വനിതകളുടെ കൂട്ടായ്മയായ സായയുടെ സ്നേഹാദരം. ബസിൽ നിന്നിറങ്ങുമ്പോൾ മാല കവർന്ന തമിഴ് സ്ത്രീകളെ കൈയോടെ പിടികൂടി പോലീസിൽ ഏൽപ്പിച്ച നരിക്കുനിയിലെ വി.യു. സുധ, അക്രമിക്കാൻ വന്ന മൂന്നുപേരെ അടിച്ചു തെറിപ്പിച്ച കിക്ക് ബോക്സി ഗ് താരം പ്ലസ് വൺ വിദ്യാർഥിനി നേഹ ബിജു എന്നിവരെയാണ് മഹിളാ ദിനത്തിൽ ആദരിച്ചത്. സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്ന പരിപാടി ഡോ.പി.എൻ. അജിത ഉദ്ഘാടനം ചെയ്തു. സായ പ്രസിഡന്റ് കെ.പി. ഫാത്തിമ അധ്യക്ഷത വഹിച്ചു. അഡീഷണൽ സബ് ജഡ്ജി രാജശ്രീ രാജഗോപാൽ മുഖ്യാതിഥിയായിരുന്നു. കാലിക്കറ്റ് പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റ് റെജി ആർ. നായർ ആശംസയർപ്പിച്ചു. സെക്രട്ടറി ഹൃദ്യ സഞ്ജീവ് സ്വാഗതവും ഗീതാ മുരളി നന്ദിയും പറഞ്ഞു. ഓർഗാനിക് ഭക്ഷ്യ വസ്തുക്കളുടെയും പച്ചക്കറികളുടെയും കരകൗശല വസ്തുക്കളുടെയും പ്രദർശനം സംഘടിപ്പിച്ചിരുന്നു.