ChramamLatest

ശരീരം തളർന്നെങ്കിലും മനക്കരുത്തുകൊണ്ട് ജീവിതത്തെ നേരിട്ട പ്രഭാകരൻ വിടവാങ്ങി

Nano News

കോഴിക്കോട്: അപകടത്തിൽ പരിക്കേറ്റാണ് പ്രഭാകരൻ എളാട്ടേരിയുടെ ജീവിതം വീൽച്ചെയറിലായത്. എന്നാൽ തിരിച്ചടികൾക്ക് മുമ്പിൽ അദ്ദേഹം തളർന്നില്ല. പുഞ്ചിരിക്കുന്ന മുഖവുമായി ജീവിതത്തെ നോക്കിക്കണ്ട പ്രഭാകരൻ തന്നെപ്പോലെ ദുരിതമനുഭവിക്കുന്ന മനുഷ്യർക്ക് ആശ്വാസമായി മാറുകയായിരുന്നു. 1990 ലായിരുന്നു പ്രഭാകരന്റെ ജീവിതത്തെ തകർത്ത അപകടമുണ്ടാകുന്നത്. കോൺക്രീറ്റ് പണി കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ ചെങ്ങോട്ടുകാവ് അങ്ങാടിയിൽ വെച്ച് ഡ്രൈവിങ് സ്കൂൾ വാഹനം ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കുറേക്കാലം വിവിധ ആശുപത്രികളിൽ ചികിത്സ. ഒടുവിൽ ജീവിതം വീൽച്ചെയറിൽ ഒതുങ്ങി. അധികനേരം ഇരിക്കാൻ കഴിയാത്തതുകൊണ്ട് ജോലിയൊന്നും ചെയ്യാൻ പറ്റാത്ത സാഹചര്യം. സർക്കാറിൽ നിന്ന് കിട്ടുന്ന പെൻഷൻ മാത്രമായിരുന്നു വരുമാന മാർഗം.

ഇതിനിടയിലാണ് ഒന്നര വയസിൽ പോളിയോ ബാധിച്ച് അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട ചേമഞ്ചേരി സ്വദേശിനി സാബിറയുമായി ചേർന്ന് ഏയ്ഞ്ചൽ സ്റ്റാർസ് എന്ന സംഘടന ആരംഭിക്കുന്നത്. തങ്ങളെപ്പോലെ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സംഘടന ഇന്ന് ഭിന്നശേഷിക്കാരുടെ വലിയൊരു കൂട്ടായ്മയാണ്. സംഘടനയുടെ പ്രസിഡന്റ് കൂടിയാണ് പ്രഭാകരൻ. ഭിന്നശേഷിക്കാർക്ക് വിവിധ സഹായങ്ങളാണ് സംഘടനയുടെ നേതൃത്വത്തിൽ നൽകുന്നത്. ചേമഞ്ചേരി അഭയം സ്പെഷ്യൽ സ്കൂളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സംഘടനയുടെ വാർഷികാഘോഷം ശാരീരിക അവശതകൾ കാരണം വീടുകളിൽ ഒതുങ്ങേണ്ടിവന്ന നൂറു കണക്കിനാളുകൾക്ക് എന്നും ആശ്വാസമായിരുന്നു. തളരാത്ത മനസുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് കാൻസർ രോഗം പ്രഭാകരനെ പിടികൂടുന്നത്. എന്നാൽ രോഗത്തെയും ധീരതയോടെ നേരിട്ട് അദ്ദേഹം മുന്നോട്ട് പോയി. കഴിഞ്ഞ ഏപ്രിൽ മാസത്തിലായിരുന്നു ഏയ്ഞ്ചൽ സ്റ്റാർസിന്റെ പതിമൂന്നാം വാർഷികം ആഘോഷിച്ചത്. പരിപാടിയിൽ ഉടനീളം സജീവ സാന്നിധ്യമായി പ്രഭാകരൻ എളാട്ടേരി ഉണ്ടായിരുന്നു. ഒടുവിൽ മനക്കരുത്തുകൊണ്ട് പ്രതിസന്ധികളെയെല്ലാം നേരിട്ട എളാട്ടേരി കിഴക്കെ പറമ്പിൽ പ്രഭാകരൻ വിടവാങ്ങി. പിതാവ്: പരേതനായ കിഴക്കെ പറമ്പിൽ കണാരൻ. മാതാവ്: മാധവി. സഹോദരങ്ങൾ: ശാരദ, പ്രസന്ന, പരേതയായ ചന്ദ്രിക. സഞ്ചയനം ശനിയാഴ്ച.


Reporter
the authorReporter

Leave a Reply