Latest

എം കണാരൻ അനുസ്മരണം നടത്തി.

Nano News

കോഴിക്കോട്: സ്വാതന്ത്ര്യ സമര സേനാനിയും സി. പി. ഐ മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന സമുന്നത കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് എം കണാരൻ്റെ 33ാം ചരമ വാർഷികം സിപിഐ കോഴിക്കോട് ജില്ലാ കൗൺസിൽ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു.

കോഴിക്കോട് കെ പി കേശവമേനോൻ ഹാളിൽ ചേർന്ന അനുസ്മരണ സമ്മേളനം സിപിഐ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു.
മൺമറഞ്ഞ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ അനുസ്മരണങ്ങൾ ചരിത്രത്തെ ഓർമ്മപ്പെടുത്തുകകൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ കാലഘട്ടത്തെ വെല്ലുവിളികളെ അതിജീവിക്കുന്നതിനുള്ള കരുത്താർജ്ജിക്കാൻ ഇത് സഹായകമാകും.

രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഒരുമിച്ച് പ്രവർത്തിക്കണം എന്ന നിലപാടാണ് സിപിഐ എക്കാലവും സ്വീകരിച്ചിട്ടുള്ളത്. പുതിയ തലമുറയെ അരാഷ്ട്രീയവത്കരിക്കാനുള്ള ബോധപൂർവ്വമായ നീക്കമാണ് വർത്തമാന കാലഘട്ടത്തിൽ നടക്കുന്നത്.

പെട്രോളിയം ഉല്പന്നങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം രാജ്യത്തിന്റെ നട്ടെല്ലൊടിക്കുകയാണ്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ പരിശോധിച്ച് ഇടതുപക്ഷത്തെ മുന്നോട്ടുകൊണ്ടുപോകാൻ മുന്നണിക്ക് കഴിയും. പലപ്പോഴും തിരിച്ചടികൾ നേരിട്ടിട്ടുണ്ടെങ്കിലും ഇടതുപക്ഷം കൂടുതൽ ഊർജ്ജസ്വലതയോടെ തിരിച്ചുവന്ന ചരിത്രം നമുക്ക് മുമ്പിലുണ്ട്.

എല്ലാവിധ പ്രതിസന്ധികളേയും മുറിച്ചുകടക്കാൻ എം കണാരൻ ഉൾപ്പെടെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കൾ കാട്ടിത്തന്ന മാതൃക എന്നും പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഐ സംസ്ഥാന കൗൺസിൽ അംഗം ടി വി ബാലൻ അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ. പി വസന്തം, സംസ്ഥാന കൗൺസിൽ അംഗം കെ കെ ബാലൻ മാസ്റ്റർ, ജില്ലാ അസി. സെക്രട്ടറി ആർ ശശി, സൗത്ത് മണ്ഡലം സെക്രട്ടറി പി അസീസ് ബാബു എന്നിവർ സംസാരിച്ചു. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ് സ്വാഗതം പറഞ്ഞു.

രാവിലെ സിപിഐ ജില്ലാ കൗൺസിൽ ഓഫീസായ കൃഷ്ണപിള്ള മന്ദിരത്തിൽ പാർട്ടി പ്രവർത്തകർ എം കണാരന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.

സിപിഐ നേതാക്കളായ സത്യൻ മൊകേരി, അഡ്വ. പി വസന്തം, അഡ്വ. പി ഗവാസ്, ടി വി ബാലൻ, കെ കെ ബാലൻ മാസ്റ്റർ, ആർ ശശി, പി സുരേഷ് ബാബു, റീന മുണ്ടേങ്ങാട്ട്, ആർ സത്യൻ, ചൂലൂർ നാരായണൻ, ടി എം ശശി, പി അസീസ് ബാബു തുടങ്ങിയവർ സംബന്ധിച്ചു.

 


Reporter
the authorReporter

Leave a Reply