Latest

പെരുവണ്ണാമൂഴി ഡാം സൈറ്റിലെ വൈദ്യുതി തകരാർ പരിഹരിച്ചില്ല; ജില്ലയിൽ ജലവിതരണം മുടങ്ങുന്നതായി പരാതി

Nano News

കോഴിക്കോട്: പെരുവണ്ണാമൂഴി ഡാം സൈറ്റിലെ വൈദ്യുതി തകരാർ യഥാസമയം പരിഹരിക്കാത്തത് ജില്ലയിൽ ജലവിതരണം മുടങ്ങുന്നതായി പരാതി. കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് ജലവിതരണം നടത്തിവരുന്നത് പെരുവണ്ണാമൂഴി ഡാം സൈറ്റിൽ നിന്നാണ്. ഇക്കഴിഞ്ഞ മേയ് മാസം വരെ ഡാമിൽ വെള്ളം കുറവായതിനാൽ ജലവിതരണം നടത്തുന്നതിൽ പരിമിതിയുണ്ടായിരുന്നു. എന്നാൽ മഴ ശക്തമായതോടെ ഇപ്പോൾ ഡാമിൽ ജലം ആവശ്യത്തിനുണ്ട്. ഡാം സൈറ്റിൽ ഇടയ്ക്കിടെ വൈദ്യുതി തകരാർ സംഭവിക്കുന്നതാണ് ജലവിതരണം മുടങ്ങാൻ കാരണമാകുന്നത്.

വൈദ്യുതി തകരാർ നേരിടുമ്പോൾ അടിയന്തര പ്രാധാന്യത്തോടുകൂടി പരിഹരിക്കാത്തതിനാൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള ജലവിതരണം ഇടയ്ക്കിടെ മുടങ്ങുകയാണ്.

കോഴിക്കോട് മെഡിക്കൽ കോളേജ് ഉൾപ്പെടെ പ്രധാനപ്പെട്ട സർക്കാർ സ്ഥാപനങ്ങളിലേക്കും നിരവധി ഗാർഹിക ഉപഭോക്താക്കൾക്കും ജലവിതരണം നടത്തുന്നത് ഇവിടെ നിന്നാണ്.

മാത്രമല്ല, പെരുവണ്ണാമുഴി ഡാം സൈറ്റിൽ നിന്നും കാര്യമായ തോതിൽ ജലം ലഭിക്കാത്തതിനാൽ മലാപ്പറമ്പ്, മൂഴിക്കൽ തുടങ്ങിയ പ്രദേശങ്ങളിലും ജനങ്ങളുടെ ആവശ്യത്തിനനുസരിച്ച് ജലവിതരണം നടത്താൻ കഴിയുന്നില്ലെന്നാണ് മലപ്പറമ്പ് സെക്ഷൻ അധികൃതർ പറയുന്നത്.

പൂർവസ്ഥിതിയിൽ ജലവിതരണം ലഭ്യമാക്കാനായാൽ മാത്രമേ കോഴിക്കോട് കോർപറേഷൻ പ്രദേശത്ത് ഗാർഹിക ഉപഭോക്താക്കൾക്ക് ആവശ്യമായ രീതിയിൽ ജലവിതരണം നടത്താൻ കഴിയൂ എന്നാണ് കോഴിക്കോട് വാട്ടർ അതോറിറ്റി സെക്ഷൻ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. മുൻകാലത്തെ പോലെ പെരുവണ്ണാമൂഴി ഡാം സൈറ്റിൽ നിന്നും കുടിവെള്ളം ലഭ്യമാക്കണമെന്നും വൈദ്യുതി മുടക്കം അടിയന്തര പ്രാധാന്യത്തോടുകൂടി പരിഹരിക്കണമെന്നുമാണ് കുടിവെള്ള ഉപഭോക്താക്കളുടെ ആവശ്യം.


Reporter
the authorReporter

Leave a Reply