മുക്കം:പൂക്കളങ്ങളുടെ സമൃദ്ധിയുമായി മറ്റൊരു ഓണക്കാലം കൂടി എത്തുമ്പോൾ, തികച്ചും വ്യത്യസ്തവും ഏറെ ശ്രദ്ധേയവുമായ ഒരു ‘പ്ലാസ്റ്റിക് കള’മൊരുക്കി മാതൃകയാവുകയാണ് മുക്കം നഗരസഭയിലെ ഹരിതകർമ്മ സേനാംഗങ്ങൾ. കുറ്റിപ്പാലയിലുള്ള ഇവരുടെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (MCF) ഗോഡൗണിലാണ് അജൈവ മാലിന്യങ്ങൾ കൊണ്ട് ഈ അത്തക്കളം ഒരുക്കിയത്. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നായി വീടുകളിൽ നിന്നും കടകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക്കും മറ്റ് അജൈവ വസ്തുക്കളുമാണ് ഇവർ ഇതിനായി ഉപയോഗിച്ചത്.
നമ്മൾ നിസ്സാരമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് കവറുകളും, ഉപയോഗശൂന്യമായ പേപ്പറുകളും, മറ്റ് വേസ്റ്റുകളുമാണ് ഈ കളത്തിലെ ‘പൂക്കൾ’. സാധാരണ പൂക്കളമൊരുക്കുന്നതിനേക്കാൾ ഇരട്ടി അധ്വാനവും സമയവുമാണ് ഇതിനായി ഇവർ ചെലവഴിച്ചത്. രാവിലെ മുതൽ മാലിന്യങ്ങൾ കൃത്യമായി തരംതിരിച്ച്, ഓരോ നിറങ്ങൾക്കനുസരിച്ച് വേർതിരിച്ച്, കട്ട് ചെയ്തെടുത്ത ശേഷമാണ് മനോഹരമായ കളം തയ്യാറാക്കിയത്.
ഓണത്തിന് വ്യത്യസ്തമായി എന്ത് ചെയ്യാം എന്ന ആലോചനയിൽ നിന്നാണ് ഇങ്ങനെയൊരു ആശയം ഉദിച്ചത് എന്നും സാധാരണ പൂക്കളം ഇടുന്നതിനേക്കാൾ വലിയ അധ്വാനവും ബുദ്ധിമുട്ടുമായിരുന്നു ഇതിന്നെന്നും സേന അംഗങ്ങൾ.പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹരിതകർമ്മ സേനയിലെ അംഗങ്ങൾ ഈ ആശയത്തിന് പിന്നിൽ പ്രവർത്തിച്ചത്. നമ്മൾ തള്ളുന്ന മാലിന്യങ്ങൾ പോലും കൃത്യമായി സംസ്കരിക്കേണ്ടതിന്റെ സന്ദേശം നൽകുന്ന ഇവരുടെ ഈ സർഗ്ഗാത്മക ശ്രമത്തിന് വലിയ അഭിനന്ദനങ്ങളാണ് നാട്ടുകാരിൽ നിന്ന് ലഭിക്കുന്നത്.










