കോഴിക്കോട്: ഈസ്റ്റർ ദിനത്തിൽ ആശംസകളുമായി ക്രൈസ്തവ വീടുകളിലും ആരാധനാലയങ്ങളിലും ബിജെപി കോഴിക്കോട് ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി എം ടി രമേശിൻ്റെ സന്ദർശനം. ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ, സഹ പ്രഭാരി നളിൻ കുമാർ കട്ടീൽ എം.പി, തുടങ്ങിയവർക്കൊപ്പം
കോഴിക്കോട് രൂപതാ ബിഷപ് വർഗീസ് ചക്കാലക്കൽ പിതാവിനെ സന്ദർശിച്ച് ഈസ്റ്റർ ആശംസകൾ നേർന്നു.
സംസ്ഥാന വ്യാപകമായി ക്രിസ്മസിനും ഈസ്റ്ററിനും ബിജെപി നടത്തുന്ന ക്രിസ്ത്യൻ ഭവന സന്ദർശനത്തിൻ്റെ ഭാഗമായിരുന്നു സന്ദർശനം. സന്ദർശനത്തിൽ നന്ദി രേഖപ്പെടുത്തുവെന്നും, ദൈവം അനുഗ്രഹിക്കട്ടെയെന്നും ബിഷപ്പ് ആശംസിച്ചു. കോഴിക്കോട് മുൻ മേയർ സി.ജെ. റോബിനെയും കുടുംബത്തേയും സന്ദർശിച്ച് ആശംസകൾ അർപ്പിച്ചു.
വെള്ളിമാട് കുന്ന് എൻ.ജി. ഒ ക്വോട്ടേഴ്സ് , ചേവായൂർ തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി ക്രൈസ്തവ വീടുകളിലും സന്ദർശനം നടത്തി എം.ടി രമേശ് ഈസ്റ്റർ ആശംസകൾ നേർന്നു. ചേവായൂർ ബഥനി കോൺവെൻ്റിൽ എത്തിയ സ്ഥാനാർത്ഥിയും സംഘവും, കന്യാസ്ത്രീകളുമായി ഈസ്റ്റർ വിശേഷങ്ങൾ പങ്കുവെച്ചു. തുടർന്ന് പാലാഴിയിൽ, വടക്കേ ചാലിൽ സുരേഷിന് സേവാഭാരതി നിർമ്മിച്ചു നൽകിയ വീടിൻ്റെ ഗൃഹപ്രവേശന ചടങ്ങിലും, പന്തീരാങ്കാവ് മണക്കടവിൽ നടന്ന കുടുംബയോഗത്തിലും പങ്കെടുത്തു.
ഇത്തവണ ബിജെപിയുടെ വിജയം സുനിശ്ചിതമാണെന്നും, അത് ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞതാണെന്നും എം ടി രമേശ് അഭിപ്രായപ്പെട്ടു.ബി.ജെ.പി.ജില്ല പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ, സഹ പ്രഭാരി കെ.നാരായണൻ മാസ്റ്റർ, സംസ്ഥാന വക്താവ് അഡ്വ.വി.പി ശ്രീപദ്മനാഭൻ, ജില്ലാ സെക്രട്ടറി ടി ര നീഷ്, അഡ്വ.കെ.വി.സുധീർ, നവ്യ ഹരിദാസ്, ഷെയ്ക് ഷാഹിദ്, സരിതാ പറയേരി, സബിത പ്രഹ്ളാദൻ എന്നിവർ പങ്കെടുത്തു.