കോഴിക്കോട്: നഗരത്തിലെ വ്യാപാര കേന്ദ്രമായ വലിയങ്ങാടിയിൽ കെട്ടിടത്തിൻ്റെ സ്ലാബ് തകർന്ന് വീണുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. അപകടത്തിൽ അഞ്ച് പേർക്കാണ് പരുക്കേറ്റിരിക്കുന്നത്. പരുക്കേറ്റവരെ ഒരാളെ ബീച്ച് ആശുപത്രിയിലും മറ്റൊരാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്.
പഴയ പാസ്പോർട്ട് ഓഫീസ് കെട്ടിടത്തിൻ്റെ സ്ലാബാണ് ഇടിഞ്ഞു വീണത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ജബ്ബാർ, അഷ്റഫ്, ബഷീർ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ബഷീർ അത്തോളി സ്വദേശിയായ ഡ്രൈവർ ആണ്. അഷ്റഫ് ചുമട്ട് തൊഴിലാളിയാണ്. ജബ്ബാർ ഗാമ എൻ്റർപ്രൈസസ് ജീവനക്കാരനാണ്. കാലപ്പഴക്കമാണ് കെട്ടിടം ഇടിഞ്ഞു വീഴാൻ കാരണം എന്നാണ് പ്രാഥമിക നിഗമനം.
വലിയങ്ങാടിയിൽ അപകടം സംഭവിക്കുന്ന സമയത്ത് ആകെ ഏഴു പേരാണ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നത്.
ജോലി ചെയ്തു ക്ഷീണിച്ച് ചായകുടിച്ച് ഇരിക്കുന്ന സമയത്ത് ഇവർക്ക് മുകളിലേക്ക് കെട്ടിരുന്നതിന്റെ സ്ലാബ് ഇടിഞ്ഞുവീഴുകയായിരുന്നു. രണ്ടുപേർ ഓടി രക്ഷപ്പെട്ടു.മറ്റ് അഞ്ചുപേരും സ്ലാബിന് അടിയിൽ കുടുങ്ങിപ്പോവുകയായിരുന്നു.ഇവരെ പരിസരത്തുണ്ടായിരുന്ന കച്ചവടക്കാരും ചുമട്ടുതൊഴിലാളികളുംചേർന്ന് സ്ലാബിന് അടിയിൽ നിന്നും പുറത്ത് എത്തിച്ച് ഉടൻതന്നെ കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് എത്തിച്ചു.എന്നാൽ അപ്പോഴേക്കും മൂന്നുപേരുടെ മരണം സംഭവിച്ചിരുന്നു. പരിക്കേറ്റ രണ്ടുപേരിൽ വിനോദ് എന്നയാളുടെ പരിക്ക് ഗുരുതരമായതിനാൽ അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
മരിച്ച മൂന്ന് പേരുടെ മൃതദേഹം കോഴിക്കോട് ബീച്ച് ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് മാറ്റി.കോഴിക്കോടിന്റെ പ്രധാന വാണിജ്യ കേന്ദ്രമായ
വലിയങ്ങാടിയിൽ
ഇത്തരത്തിൽ വലിയൊരു ദുരന്തം ഉണ്ടായത് നാടിനെയാകെ ഞെട്ടിച്ചിട്ടുണ്ട്.
ഓരോ ദിവസവും ആയിരക്കണക്കിന് പേരാണ് വലിയങ്ങാടിയിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നത്.ചുമട്ട് തൊഴിലാളികൾ ഉൾപ്പെടെ നിരവധിപേർ വലിയങ്ങാടിയിൽ ജീവിതമാർഗത്തിനായി ജോലി ചെയ്യുന്നുണ്ട്.














