Wednesday, November 6, 2024
GeneralLatest

കോടിയേരി മടങ്ങിയെത്തുന്നു; സംസ്ഥാന സെക്രട്ടറിയായി ചുമതലയേൽക്കും


തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിയെത്തുന്നു. നാളെ നടക്കുന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ തീരുമാനമുണ്ടായേക്കും. 2020 നവംബർ 13നാണ് കോടിയേരി ബാലകൃഷ്ണൻ പദവി ഒഴിഞ്ഞത്. സി.പി.ഐ.എം സംസ്ഥാന സമ്മേളനം മാർച്ചിൽ നടക്കാനിരിക്കെയാണ് കോടിയേരിയുടെ മടങ്ങിവരവ്.

ആരോഗ്യ കാരണങ്ങളും മകൻ ബിനീഷ് കോടിയേരിയുടെ അറസ്റ്റും സൃഷ്ടിച്ച പിരിമുറുക്കത്തിന് പിന്നാലെയാണ് പാർട്ടി പോളിറ്റ്ബ്യൂറോ മെമ്പർ കൂടിയായ കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. അർബുദത്തിനു തുടർചികിൽസ ആവശ്യമായതിനാൽ പാർട്ടി അവധി അപേക്ഷ അംഗീകരിക്കുകയുമായിരുന്നു. തുടർന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവനെ സി.പി.ഐ.എം ആക്ടിം​ഗ് സെക്രട്ടറിയായി തിരഞ്ഞെടുക്കുകയായിരുന്നു.

രോഗം കണക്കിലെടുത്ത് സ്വയം എടുത്ത തീരുമാനമാണെന്നും, ബിനീഷിന്റെ അറസ്റ്റുമായി ബന്ധമില്ലെന്നും കോടിയേരിയും നയം വ്യക്തമാക്കിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിയുന്ന പതിവില്ലാത്തതിനാൽ ഇത് പാർട്ടിയിലും രാഷ്ട്രീയ എതിരാളികൾക്കിടയിലും ചർച്ചയായി മാറുകയും ചെയ്തു. ഒരു വർഷത്തിന് പിന്നാലെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടായതും മകൻ ബിനീഷ് ജയിൽ മോചിതനായതും പദവിയിലേക്കു മടങ്ങിയെത്തുന്നതിനു വഴിയൊരുക്കുകയായിരുന്നു.

അതേസമയം മാർച്ച് 1, 2, 3, 4 തിയ്യതികളിൽ എറണാകുളത്താണ് സി.പി.ഐ.എം സംസ്ഥാന സമ്മേളനം നടക്കുന്നത്. കോടിയേരി സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നതോടെ ഇത്തവണയും അദ്ദേഹം തന്നെ തുടരാനാണ് സാധ്യത.


Reporter
the authorReporter

Leave a Reply