AchievementEducationLatest

കാലിക്കറ്റ് ഗേൾസ് സ്കൂളിന് വീണ്ടും ‘നബറ്റ്’ (NABET) ദേശീയ അംഗീകാരം; ഈ നേട്ടം കൈവരിക്കുന്ന കേരളത്തിലെ ഏക പൊതുവിദ്യാലയം

Nano News

കോഴിക്കോട്: പൊതുവിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റെ അഭിമാനമുയർത്തി കോഴിക്കോട് കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ (CGVHSS). വിദ്യാലയങ്ങളിലെ ഗുണനിലവാരം വിലയിരുത്തുന്ന ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ (Quality Council of India) കീഴിലുള്ള ‘നബറ്റ്’ (National Accreditation Board for Education and Training – NABET) ദേശീയ അംഗീകാരം തുടർച്ചയായ രണ്ടാം തവണയും സ്കൂളിന് ലഭിച്ചു.

നേരത്തെ 2020-ൽ ഈ പദവി കരസ്ഥമാക്കിയ സ്കൂൾ, 2026-ലും ഈ ദേശീയ ബഹുമതി നിലനിർത്തുന്ന കേരളത്തിലെ ഏക പൊതുവിദ്യാലയവും, തുടർച്ചയായി രണ്ടാം തവണയും ഈ അംഗീകാരം സ്വന്തമാക്കുന്ന കേരളത്തിലെ ആദ്യത്തെ വിദ്യാലയവുമായി മാറി. ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ നിഷ്കർഷിക്കുന്ന 36 മാനദണ്ഡങ്ങളിലും പുലർത്തിയ മികച്ച നിലവാരം പരിഗണിച്ചാണ് അടുത്ത മൂന്ന് വർഷത്തേക്ക് കൂടി വിദ്യാലയത്തിന് ഈ ദേശീയ അംഗീകാരം ലഭിച്ചത്.

കഴിഞ്ഞ പത്ത് വർഷമായി ജില്ലാ-സംസ്ഥാന-ദേശീയ തലങ്ങളിൽ സ്കൂളിനെ തേടി നിരവധി പുരസ്കാരങ്ങളാണ് എത്തിച്ചേർന്നത്. കേരളത്തിലെ ഏറ്റവും മികച്ച 25 സ്കൂളുകൾക്കായി നൽകുന്ന എസ്‌.സി.ഇ.ആർ.ടി മികവ് പുരസ്കാരം, ഹരിതവിദ്യാലയം റിയാലിറ്റി ഷോയിലേക്ക് മൂന്ന് തവണ തിരഞ്ഞെടുക്കപ്പെട്ട് സംസ്ഥാനത്തെ മികച്ച 100 സ്കൂളുകളിൽ ഇടം നേടി.

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റുകൾക്ക് കോഴിക്കോട് ജില്ലയിലെയും റീജിയണിലെയും മികച്ച യൂണിറ്റ്, മികച്ച പ്രോഗ്രാം ഓഫീസർ, മികച്ച പ്രോജക്ട് എന്നിവയ്ക്കുള്ള അവാർഡുകളും ലഭിച്ചു. 2025 – 26 ലെ കോഴിക്കോട് ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് അവാർഡ് സ്‌കൂളിന് ലഭിച്ചിട്ടുണ്ട്.

യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം (YIP), കേന്ദ്ര ഗവൺമെന്റിന്റെ സ്‌കൂൾ ഇന്നൊവേഷൻ മാരത്തോൺ, സ്കൂൾ ഇന്നവേഷൻ പ്രോഗ്രാം തുടങ്ങിയ മത്സരങ്ങളിലെല്ലാം വിദ്യാലയത്തിലെ വിദ്യാർത്ഥിനികൾ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്.

മികച്ച അക്കാദമിക് വിജയത്തിനൊപ്പം യു.എസ്.എസ്സ്കോളർഷിപ്പ്, എൻ.എം.എം.എസ് സ്കോളർഷിപ്പുകൾ, രാജ്യപുരസ്കാർ സ്കോളർഷിപ്പുകൾ എന്നിവയിലെല്ലാം കൈവരിച്ച നേട്ടങ്ങൾ കാലിക്കറ്റ് ഗേൾസ് സ്കൂളിനെ കേരളത്തിലെ ഏറ്റവും മാതൃകാപരമായ വിദ്യാലയമാക്കി മാറ്റുന്നു. യു.പി, ഹൈസ്‌കൂൾ, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി എന്നീ വിഭാഗങ്ങളിലായി 2500 ലധികം വിദ്യാർഥികൾ സ്‌കൂളിൽ പഠിക്കുന്നുണ്ട്.

ദേശീയ നിലവാരത്തിലുള്ള ഭൗതിക സാഹചര്യങ്ങളും മികവുറ്റ ബോധനരീതിയും ഉറപ്പുവരുത്തി സ്കൂൾ മാനേജ്മെന്റും അധ്യാപകരും പി.ടി.എയും ഒത്തൊരുമിച്ച് നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ രണ്ടാം വട്ട നബറ്റ് പദവി.

 


Reporter
the authorReporter

Leave a Reply