General

അര്‍ജുന്‍ രക്ഷാ ദൗത്യം; ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിക്കും, ചെലവ് കര്‍ണാടക സര്‍ക്കാര്‍ വഹിക്കും

Nano News

ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജുനെയും ലോറിയെയും കണ്ടെത്താന്‍ ഡ്രഡ്ജര്‍ എത്തിക്കുമെന്നും ഡ്രഡ്ജര്‍ കൊണ്ട് വരാന്‍ ഉള്ള ചെലവ് പൂര്‍ണമായും വഹിക്കുമെന്നും കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ന് നടന്ന കൂടിക്കാഴ്ചയില്‍ അര്‍ജുന്റെ കുടുംബത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പ് നല്‍കി. ഒരു കോടി രൂപയോളണ് ഡ്രഡ്ജര്‍ കൊണ്ട് വരാനുള്ള ചെലവ് പ്രതീക്ഷിക്കുന്നത്.

ഡ്രഡ്ജര്‍ എത്തിച്ച് എത്രയും വേഗം തെരച്ചില്‍ പുനരാരംഭിക്കണമെന്ന് ഇന്ന് നടന്ന കൂടിക്കാഴ്ചയില്‍ അര്‍ജുന്റെ കുടുംബം ആവശ്യപ്പെട്ടു. അര്‍ജുന്റെ ബന്ധു ജിതിന്‍, എംകെ രാഘവന്‍ എംപി, മഞ്ചേശ്വരം എംഎല്‍എ എ.കെ.എം അഷറഫ്, കാര്‍വാര്‍ എംഎല്‍എ സതീഷ് സെയ്ല്‍ എന്നിവരാണ് ഇന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടത്. ഗംഗാവലി പുഴയില്‍ മണ്ണ് അടിഞ്ഞതിനാല്‍ ഡ്രഡ്ജിംഗ് നടത്താതെ തെരച്ചില്‍ സാധ്യമാകില്ല.

സംഘം ഇന്ന് രാത്രി 10 മണിക്ക് ദുരന്തനിവാരണ വകുപ്പിന്റെ ചുമതല വഹിക്കുന്ന ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെ കാണും. എത്രയും പെട്ടെന്ന് ഡ്രഡ്ജര്‍ എത്തിക്കാനുള്ള നടപടി ഉണ്ടാവുമെന്നാണ് സംഘം പ്രതീക്ഷിക്കുന്നത്. ഒഴുക്കിലും മണ്ണിളക്കി പരിശോധിക്കാനാവുന്ന ഡ്രഡ്ജറാണ് ഗോവയില്‍ നിന്ന് കൊണ്ടു വരുന്നത്. 15 അടി താഴ്ച വരെ മണ്ണ് ഇളക്കാന്‍ ഈ ഡ്രഡ്ജറിന് സാധിക്കും. കൂടിക്കാഴ്ചയില്‍ സംതൃപ്തി ഉണ്ടെന്നും, ഡ്രഡ്ജര്‍ കൊണ്ട് വരുമെന്ന് ഉറപ്പ് കിട്ടിയതില്‍ സന്തോഷമുണ്ടെന്നും അര്‍ജുന്റെ ബന്ധു ജിതിന്‍ പ്രതികരിച്ചു.


Reporter
the authorReporter

Leave a Reply

error: Content is protected !!