കോഴിക്കോട്: ദേശീയ വാസ്കുലാർ ദിനാചരണത്തിന്റെ ഭാഗമായി വാസ്കുലർ സൊസൈറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ രാജ്യത്തെ 26 നഗരങ്ങൾക്കൊപ്പം കോഴിക്കോടും ആംപ്യൂട്ടേഷൻ വിമുക്ത ഇന്ത്യയ്ക്കായി ചുവടുവെച്ചു. പുഞ്ചിരിയോടെ ജീവിക്കാൻ ഒരു മൈൽ നടക്കുക’ എന്ന പ്രമേയവുമായി സംഘടിപ്പിച്ച വാക്കത്തോൺ 122 ഇൻഫൻട്രി ബറ്റാലിയനിലെ കമാൻഡിങ് ഓഫിസറായ കേണൽ നവീൻ ബെൻജിത്തും റോട്ടറി ക്ലബ് ഡിസ്ട്രിക്ട് ഗവർണർ ഡോ. സേതു ശിവശങ്കറും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. സ്റ്റാർകെയർ ഹോസ്പിറ്റൽ, വാസ്കുലാർ സൊസൈറ്റി ഓഫ് കേരള, വാസ്കുലാർ സൊസൈറ്റി ഓഫ് ഇന്ത്യ, റോട്ടറി കാലിക്കറ്റ്, ഹൈലൈറ്റ് സിറ്റി, അഹം ആരോഗ്യ ഫൗണ്ടേഷൻ എന്നിവർക്കൊപ്പം 122 ഇൻഫൻട്രി ബറ്റാലിയനിലെ ജവാന്മാരുമടക്കം മുന്നൂറിലധികം പേർ അണിനിരന്നതോടെ വാക്കത്തോൺ അക്ഷരാർത്ഥത്തിൽ കോഴിക്കോട് നഗരം കീഴടക്കി. ബറ്റാലിയനിലെ കലാകാരൻമാർ ഒരുക്കിയ വാദ്യമേളങ്ങൾ ചടങ്ങിനും വാക്കത്തോണിനും പൊലിമയേകി.
രാവിലെ 7 മണിയോടെ മാനാഞ്ചിറയിൽ നിന്ന് ആരംഭിച്ച വാക്കത്തോൺ വൈഎംസിഎ ക്രോസ്സ് റോഡ് വഴി മൂന്ന് കിലോമീറ്റർ നഗരപ്രദക്ഷിണം ചെയ്തു തിരികെ മാനാഞ്ചിറയിൽ തന്നെ സമാപിച്ചു. 2023ലെ മിസ്റ്റർ ഇന്ത്യയായ സുമേഷ് റാവു, ക്രിക്കറ്റർ ഗോകുൽ വി, രഞ്ജു ഗോവിന്ദ് തുടങ്ങിയ പ്രമുഖർ വാക്കത്തോണിന് പിന്തുണയുമായി മാനാഞ്ചിറയിൽ എത്തിയിരുന്നു. വാക്കത്തോണിന് ശേഷം പ്രത്യേകം ഒരുക്കിയ ക്യാൻവാസിൽ പങ്കെടുത്തവർ ഒപ്പ് വച്ച് ക്യാമ്പയിനിനോടുള്ള ഐക്യദാർഢ്യം രേഖപ്പെടുത്തി.
കാലിലെ രക്തക്കുഴലുകളിൽ ബ്ലോക്ക് ഉണ്ടാവുന്നതോടെ മുറിവുകൾ ഉണങ്ങാതെ പഴുപ്പ് മാറാതെ കാൽ പൂർണ്ണമായോ ഭാഗികമായോ മുറിച്ചുമാറ്റുന്നതിനെയാണ് ലിംബ് ആംപ്യൂട്ടേഷൻ എന്ന് വിളിക്കുന്നത്. നല്ല ജീവിതശൈലിയും സമയബന്ധിതമായ ചികിത്സയും സ്വീകരിക്കുന്നതിലൂടെ 90 ശതമാനത്തിലധികം അംഗഛേദങ്ങളും തടയാനാകുമെന്നും അതിനെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാനാണ് പരിപാടി ലക്ഷ്യമിടുന്നതെന്നും ചടങ്ങിൽ സംസാരിച്ച വാസ്കുലർ സൊസൈറ്റി ഓഫ് ഇന്ത്യ കോഴിക്കോട് ചീഫ് ഓർഗനൈസറും സ്റ്റാർകെയറിലെ വാസ്കുലാർ സർജറി വിഭാഗം മേധാവിയുമായ ഡോ. സുനിൽ രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. സ്റ്റാർകെയർ ഹോസ്പിറ്റൽസ് എംഡി ഡോ അബ്ദുള്ള ചെറിയക്കാട്ട് ചടങ്ങിൽ സംബന്ധിച്ചു. ലോവർ ലിമ്പ് ആംപ്യൂട്ടേഷന് കാരണമായേക്കാവുന്ന അവസ്ഥകൾ (പ്രമേഹം, പുകവലി, ഹൈപ്പർടെൻഷൻ, ഉയർന്ന കൊളസ്ട്രോൾ) തടയുന്നതിനുള്ള സമയോചിതമായ ഇടപെടലുകൾ എന്നിവയിൽ ദേശീയ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് വാസ്കുലർ സൊസൈറ്റി ഓഫ് ഇന്ത്യ വാക്കത്തോൺ സംഘടിപ്പിച്ചത്.