കോഴിക്കോട്: മൂന്ന്സെന്റിലെ വീട്ടിന്റെ ടെറസിലും മുറ്റത്തുമായി കൃഷിചെയ്തു കിലോ കണക്കിന് കോവയ്ക്കയും കദളി പഴവും ഉല്പാദിപ്പിച്ച് മാതൃകയായ എം എൻ രാജേശ്വരിയെ ദർശനം പ്രവർത്തകർ അനുമോദിച്ചു. മേയർ ഡോ.ബീനാ ഫിലിപ്പ് പൊന്നാട ചാർത്തുകയും കാർഷിക ഉപകരണങ്ങൾ കൈമാറിയും ഉദ്ഘാടനം ചെയ്തു. കൃഷി ചെയ്യാൻ കൂടുതൽ ഭൂമി വേണമെന്നില്ല എന്നതിനും എത്ര ചെറിയ സ്ഥലത്തും മനസ്സുണ്ടെങ്കിൽ കൃഷി ചെയ്യാം എന്ന മാതൃക നഗര വാസികൾക്ക് രാജേശ്വരി നല്കിയിരിക്കുകയാണെന്നും മേയർ പറഞ്ഞു. ടെറസിൽ വിളഞ്ഞ കുമ്പളങ്ങ വില നൽകി വാങ്ങാനും മേയർ മറന്നില്ല.
20 ആം വാർഡ് കൗൺസിലർ കെ മോഹനൻ അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി കെ ശാലിനി, കേരള എഡ്യൂക്കേഷൻ കൗൺസിൽ ഡയറക്ടർ സതീശൻ കൊല്ലറയ്ക്കൽ, ബാലവേദി മെന്റർ പി ജസലുദീൻ , എം കെ ശിവദാസ് എന്നിവർ ആശംസ നേർന്നു. എം എൻ രാജേശ്വരി മറുപടി പറഞ്ഞു. ദർശനം ഗ്രന്ഥശാല സെക്രട്ടറി എം എ ജോൺസൺ സ്വാഗതവും ജോയിന്റ് സെക്രട്ടറി ടി കെ സുനിൽകുമാർ നന്ദിയും പറഞ്ഞു.