കോഴിക്കോട്: കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ ജീവൻ പൊലിഞ്ഞ ലോറി ഡ്രൈവർ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ ദുരന്തപൂർണ്ണമായ ഓർമ്മകളെ മുൻനിർത്തി അമ്മ ഷീല കുരുവച്ചാലിൽ രചിച്ച പുസ്തകം ‘അർജുൻ എന്റെ മകൻ’ പ്രകാശനത്തിന് ഒരുങ്ങുന്നു. 2026 ജൂൺ 13 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് കോഴിക്കോട് കണ്ണാടിക്കലിലുള്ള സി. കുഞ്ഞിക്കുട്ടി സ്മാരക ഹാളിൽ വെച്ചാണ് പ്രകാശന ചടങ്ങ് നടക്കുക. കേരളവിഷൻ പബ്ലിക്കേഷൻസാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
ഷിരൂരിലെ ഗംഗാവലി നദിയിൽ കേരളവും കർണാടകവും സംയുക്തമായി നടത്തിയ 72 ദിവസത്തെ തെരച്ചിൽ വേളയിൽ അർജുന്റെ അമ്മയും കുടുംബവും കടന്നുപോയ ഹൃദയസ്പർശിയായ അനുഭവങ്ങളുടെ വിവരണമാണ് ഈ പുസ്തകം. പ്രമുഖ ദുരന്തനിവാരണ വിദഗ്ദ്ധൻ മുരളി തുമ്മാരുകുടിയാണ് പുസ്തകത്തിന് അവതാരിക രചിച്ചിരിക്കുന്നത്.

സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുന്ന വിപുലമായ ചടങ്ങുകളോടെയാണ് പുസ്തകം വായനക്കാരിലേക്ക് എത്തുന്നത്.
പ്രശസ്ത എഴുത്തുകാരൻ എം. മുകുന്ദൻ മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാറിന് നൽകി പ്രകാശനം ചെയ്യും.










