തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാലയെ (KUHS) പ്രതിനിധീകരിച്ച് അഖിലേന്ത്യ അന്തർ സർവകലാശാല പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് 2025-26 ൽ പങ്കെടുത്ത കോഴിക്കോട് ഗവൺമെന്റ് നഴ്സിംഗ് കോളേജിലെ നാലാം സെമസ്റ്റർ ബി.എസ്.സി നഴ്സിംഗ് വിദ്യാർഥിനി അഞ്ജന കൃഷ്ണ വി.കെ. വെങ്കല മെഡൽ നേടി.
ജൂൺ 3 മുതൽ 8 വരെ ചെന്നൈയിലെ ഹിന്ദുസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസസിൽ നടന്ന ചാമ്പ്യൻഷിപ്പിൽ രാജ്യത്തെ വിവിധ സർവകലാശാലകളിൽ നിന്നുള്ള കായികതാരങ്ങൾ പങ്കെടുത്തു. വനിതകളുടെ 47 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ചാണ് അഞ്ജന മെഡൽ നേട്ടം സ്വന്തമാക്കിയത്. പിതാവായ അനിൽകുമാർ തന്നെയാണ് അഞ്ജനയുടെ പരിശീലകനും.
അഖിലേന്ത്യാ ഇന്റർയൂണിവേഴ്സിറ്റി തായ്‌ക്വോണ്ടോ (എം) ചാമ്പ്യൻഷിപ്പ് 2025-26 ൽ ആരോഗ്യശാസ്ത്ര സർവകലാശാലയെ (KUHS) പ്രതിനിധീകരിച്ച് കോഴിക്കോടുനിന്നുതന്നെയുള്ള തേജസ് പി വെങ്കലമെഡൽ നേടിയിരുന്നു. അന്തർ സർവ്വകലാശാല തലത്തിലുള്ള പുരുഷന്മാരുടെ തായ്‌കോണ്ടോ ചാമ്പ്യൻഷിപ്പിൽ മെൻസ് പൂംസേ വിഭാഗത്തിലാണ് തേജസ് നേട്ടം കൈവരിച്ചത്.
കോഴിക്കോട് ശ്രീ ആഞ്ജനേയ കോളേജ് ഓഫ് പാരാമെഡിക്കൽ സയൻസസിൽ ബി.പി.ടി. രണ്ടാം വർഷ വിദ്യാർത്ഥിയായ തേജസ് പഞ്ചാബിലെ ജലന്ധറിലുള്ള ഡിഎവി യൂണിവേഴ്‌സിറ്റിയിൽ വച്ചുനടന്ന മത്സരത്തിലാണ് വെങ്കല മെഡൽ നേടിയത്.










