…🖋️ അനില്‍കുമാര്‍ ഒഞ്ചിയം
കേരളീയ കലാരൂപങ്ങളുടെ ചരിത്രവും പ്രാധാന്യവും എളുപ്പത്തില്‍ മനസ്സിലാക്കാൻ കലാസ്വാദകര്‍ക്കായി ഇവയുടെ ദൃശ്യാവിഷ്കാരം ഒരുക്കുകയാണ് ഫോക്‌ലോർ ഗവേഷകനും യുവ സംവിധായകനുമായ ജിംസിത്ത് അമ്പലപ്പാട്. വിവിധ കലാരൂപങ്ങളെപ്പറ്റി ഗവേഷണം നടത്തുകയും അവ രൂപംകൊണ്ട സ്ഥലങ്ങള്‍ സന്ദർശിച്ച് അതുമായി ബന്ധപ്പെട്ടരെക്കണ്ട് സംസാരിച്ചുമാണ് ജിംസിത്ത് ചരിത്രത്തെ ഇത്തരത്തില്‍ പുനർനിർമിക്കുന്നത്. ചരിത്രത്തെ വളച്ചൊടിക്കുകയും ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന വര്‍ത്തമാനകാലത്ത് ജിംസിത്തിന്റെ പ്രവര്‍ത്തനം ഏറെ പ്രശംസിക്കപ്പെടുകയാണ്. കേരളത്തിന്റെ പൈതൃക സംസ്കാരങ്ങളെയും കലകളെയുംകുറിച്ചുള്ള നിരവധി പഠനങ്ങളും ഗവേഷണ അടിസ്ഥാനത്തിലുള്ള ഡോക്യുമെന്ററികളും കോഴിക്കോട് ജില്ലയിലെ അമ്പലപ്പാട് സ്വദേശിയായ ജിംസിത്ത് ഇതിനകം പുറത്തിറക്കിയിട്ടുണ്ട്.

വൈവിധ്യമാര്‍ന്ന കലാരൂപങ്ങളാൽ സമ്പന്നമാണ് കേരളം. വിവിധ ജാതി–മത–ആചാര–വിശ്വാസങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറെ കലാരൂപങ്ങൾ കേരളത്തിൽ പ്രചാരത്തിലുണ്ട്. എന്നാൽ, ഇൗ കലകളുടെ ചരിത്രവും പ്രാധാന്യവുമൊന്നും അധികംപേരും ശ്രദ്ധിക്കാറില്ലെന്നതാണ് വാസ്തവം. ഈ സാഹചര്യത്തില്‍ ഇത്തരം കലാരൂപങ്ങളെ പൂര്‍ണമായും ആസ്വാദകര്‍ക്കുമുമ്പില്‍ അനാവരണം ചെയ്യുകയാണ് ദൃശ്യാവിഷ്കാരത്തിലൂടെ ജിംസിത്ത്.

കഴിഞ്ഞ 14 വർഷത്തിലേറെയായി കേരളത്തിനു പുറത്ത് ജോലി ചെയ്യുന്ന, പ്രവാസി മലയാളിയായ ജിംസിത്ത് തന്റെ വീടും നാടും സംസ്കാരവുമൊക്കെ ചേര്‍ന്ന ഗൃഹാതുരത്വമുണർത്തുന്ന ഓർമകളെയാണ് ഇത്തരത്തില്‍ ദൃശ്യവത്കരിക്കുന്നത്. നന്നേ ചെറുപ്പംമുതൽ കാണുകയും സ്വാധീനിക്കുകയും ചെയ്ത കലാരൂപങ്ങളായിരുന്നു തെയ്യവും കോൽക്കളിയുമെല്ലാം. പുതുതലമുറയ്ക്ക് ഇവയെല്ലാം അതിന്റെ ചരിത്രപ്രാധാന്യത്തോടെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ മേഖലയിലേക്ക് കടന്നതെന്ന് ജിംസിത്ത് വ്യക്തമാക്കുന്നു. നാടകത്തിലൂടെയായിരുന്നു കലാരംഗത്തേക്കുള്ള ചുവടുവെയ്പ്. ഡോക്യുമെന്ററികളും ടെലിഫിലിമുകളും സംവിധാനം ചെയ്ത് ഈ രംഗത്ത് ചുവടുറപ്പിച്ചു.
ക്ഷേത്രകലാരൂപമായ യക്ഷഗാനത്തിന്റെ ചരിത്രസഞ്ചാരം കാണിക്കുന്ന ടെലിഫിലിം ചെയ്തുകൊണ്ടായിരുന്നു കലാദൃശ്യാവിഷ്കാരത്തിലേക്കുള്ള തുടക്കം.

മലബാറിലെ കളരിപ്പയറ്റ്, കോൽക്കളി, തെയ്യം തുടങ്ങിയ കലാരൂപങ്ങളുടെ ചരിത്രം, അവതരണം തുടങ്ങിയവ ഉൾപ്പെടുത്തിയുള്ള ഫോക്‌ലോർ സിനിമ ‘നാട്യകല’, വയനാട്ടിലെ പണിയ വിഭാഗത്തിന്റെ സാംസ്കാരികചരിത്രം പറയുന്ന ഡോക്യുമെന്ററി ‘വട്ടക്കളി’, മാപ്പിളകലകളെക്കുറിച്ചുള്ള ചരിത്ര ഡോക്യുമെന്ററി ‘പാട്ടും ചുവടും’ എന്നിങ്ങനെ ഒട്ടനവധിയുണ്ട് ജിംസിത്തിന്റെ ദൃശ്യാവിഷ്കാരങ്ങൾ.
ഒന്നരമണിക്കൂർ ദൈർഘ്യമുള്ള ഫോക്‌ലോർ സിനിമയാണ് ‘നാട്യകല’. തെയ്യം, കളരിപ്പയറ്റ്, കോൽക്കളി തുടങ്ങിയ കലകളുടെ ചരിത്രം, അവതരണം, ഇവയെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും നിലനിർത്തുന്നതിന്റെയും പ്രാധാന്യം തുടങ്ങിയവ ഒരു അധ്യാപകൻ ക്ലാസെടുക്കുന്ന രീതിയിലാണ് സിനിമ. ഗോപാലൻകുട്ടി, കെ വി കാക്കൂർ, സ്നേഹ മനോജ്, സുനിൽകുമാർ ഇരുവള്ളൂർ തുടങ്ങിയവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തെയ്യക്കോലങ്ങളുടെ ആട്ടവും വിവിധ വിഭാഗങ്ങളും വേഷപ്പകർച്ചയും തുടങ്ങി കെട്ടിയാടുന്ന സമുദായങ്ങൾവരെയുള്ള എല്ലാം ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന്റെ തനത് ആയോധനകലയായ കളരിപ്പയറ്റിന് ആധുനിക കാലത്ത് വന്ന രൂപമാറ്റമായ തെക്കൻ സമ്പ്രദായം, വടക്കൻ സമ്പ്രദായം എന്നിവ സിനിമ വിശകലനം ചെയ്യുന്നുണ്ട്. കളരിപ്പയറ്റിനെ അവതരിപ്പിക്കുമ്പോൾ അതിന്റെ കാലഘട്ടങ്ങളിലൂടെയുള്ള പരിണാമവും അടയാളപ്പെടുത്തുന്നുണ്ട്. ഈ ആയോധനകലയുടെ ആഴവും വൈവിധ്യവും മികച്ച രീതിയിൽ മനസ്സിലാക്കാൻ ഇത് പുതുതലമുറയെ സഹായിക്കുമെന്നകാര്യത്തില്‍ തര്‍ക്കമില്ല. ഹൈന്ദവ കോൽക്കളിയിൽ പൈതൽ മരയ്ക്കാർ നടത്തിയ മാറ്റങ്ങളും മുസ്ലിം കോൽക്കളിയുടെ പിറവിയും ഇതിലൂടെ വ്യക്തമാക്കുന്നു. ആധികാരികതയ്ക്ക് ഊന്നൽ നൽകിക്കൊണ്ട്, സാങ്കൽപ്പിക ഘടകങ്ങൾ ഒഴിവാക്കി ചരിത്രരേഖകളെയും വസ്തുതാപരമായ ഗവേഷണങ്ങളെയും മാത്രം ആശ്രയിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
കലിക്കറ്റ് സർവകലാശാല മുൻ ഫോക്‌ലോർ വകുപ്പ് മേധാവി ഡോ. ഗോവിന്ദവർമ രാജയാണ് ചിത്രം വിലയിരുത്തി തിരക്കഥ ഏകോപിപ്പിച്ചത്. കഴിഞ്ഞവർഷം തൃശൂരിൽ നടന്ന ഇന്റർനാഷണൽ ഫോക്‌ലോർ ഫിലിം ഫെസ്റ്റിവലിലും കേരള ചലച്ചിത്ര അക്കാദമിയുടെയും പാട്ടുകൂട്ടം കോഴിക്കോടിന്റെയും ആഭിമുഖ്യത്തിൽ കോഴിക്കോട് കൈരളി തിയറ്ററിലും സിനിമ പ്രദർശിപ്പിച്ചിട്ടുണ്ട്. സിനിമ വിദേശരാജ്യങ്ങളിലടക്കമുള്ള ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച് കലകളുടെ അറിയപ്പെടാതെ പോകുന്ന ചരിത്രത്തെ ലോകോത്തരമാക്കുക എന്നതാണ് ആഗ്രഹമെന്നും ഇതിനുള്ള പ്രവർത്തനം പുരോഗമിക്കുകയാണെന്നും ചരിത്രത്തിൽ ബിരുദധാരിയായ ജിംസിത്ത് വ്യക്തമാക്കുന്നു.
കേരളത്തിൽ മലയാളനാടകം പിന്നിട്ട വഴികള്‍ സംബന്ധിച്ച സമഗ്ര പഠന ഗ്രന്ഥത്തിന്റെ രചനയിലാണ് ജിംസിത്ത് ഇപ്പോൾ. നാടോടിനാടകങ്ങൾമുതൽ ജനകീയ നാടകങ്ങൾവരെയുള്ള വിവിധതരം നാടകങ്ങളുടെ ചരിത്രം, ഉത്ഭവം, പിന്നണിയിൽ പ്രവർത്തിച്ചവർ, നാടകങ്ങള്‍ സമൂഹത്തില്‍ ചെലുത്തിയ സ്വാധീനം, അവയുടെ മുൻകാലപ്രാധാന്യം തുടങ്ങിയ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഗ്രന്ഥമാണ് ഒരുങ്ങുന്നത്. മാപ്പിളകലകളുടെ പഠനത്തിനായി ‘പാട്ടും ചുവടും’ എന്ന ഡോക്യുമെന്ററി മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമിയുടെ പഠന സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് തന്റെ ഗവേഷണങ്ങൾക്ക് ലഭിച്ച വലിയൊരു അംഗീകാരമാണെന്ന് ജിംസിത്ത് വ്യക്തമാക്കുന്നു.
കേരള സർക്കാരിന്റെ മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി പുരസ്കാരം, യുവ സംവിധായകനുള്ള ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ ഡോ. അംബേദ്കർ നാഷണൽ അവാർഡ്, പാട്ടുകൂട്ടം നാടൻ ഗവേഷണ കലാകേന്ദ്രത്തിന്റെ ‘മണിമുഴക്കം’ കലാഭവൻ മണി സ്മാരക പുരസ്കാരം, കേരള സർക്കാർ മലയാളം മിഷൻ ഭാഷാ പ്രതിഭ സ്പെഷ്യൽ ജൂറി അവാര്‍ഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങളും ഇതിനകം ജിംസിത്തിനെത്തേടിയെത്തിയിട്ടുണ്ട്. മലയാള ഭാഷയെ കൂടുതൽ സാങ്കേതികവിദ്യാ സൗഹൃദമാക്കുന്നതിനുള്ള നൂതന ആശയങ്ങൾ അവതരിപ്പിക്കുന്നതിലുള്ള മികവ് പരിഗണിച്ചാണ് ഭാഷാ പ്രതിഭ പുരസ്കാരം ലഭിച്ചത്. മലബാർ ഗ്രൂപ്പ് ഗോൾഡ് ഫാക്ടറി കൊൽക്കത്ത ഡിവിഷൻ മാനേജരായി പ്രവർത്തിക്കുന്ന ജിംസിത്ത് അവിടത്തെ മലയാളികളുടെ കലാസാംസ്കാരികരംഗത്തും സജീവമാണ്. ഭാര്യ എ എസ് അഞ്ജലിയും മകൻ അദ്രിനാഥും ജിംസിത്തിന്റെ കലാപ്രവര്‍ത്തനങ്ങള്‍ക്ക് പൂർണപിന്തുണയുമായി രംഗത്തുണ്ട്.
………………..










