കോഴിക്കോട്: മലബാർ മാപ്പിള കലാ അക്കാദമിയുടെ ലൈഫ് ടൈം അച്ചിവ്മെന്റ് അവാർഡ് വിതരണവും ഗായകൻ അമീർ കാലിക്കറ്റ് നയിക്കുന്ന ഇശൽനൈറ്റ്-02 പരിപാടിയും ജൂലൈ പത്തിന് വൈകുന്നേരം ആറ് മണിക്ക് കോഴിക്കോട് ടൗൺഹാളിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അര നൂറ്റാണ്ടിലേറെയായി വിദ്യാഭ്യാസ-കാരുണ്യമേഖലക്ക് നൽകുന്ന സമഗ്ര സംഭാവന പരിഗണിച്ചാണ് ഫാ. കുര്യക്കോസ് വട്ടമറ്റത്തിന് 25000 രൂപയുടെ അവാർഡും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നഅവാർഡ് നൽകുന്നതെന്ന് മലബാർ മാപ്പിള കലാഅക്കാദമി ചെയർമാൻ പി.എച്ച് താഹ അറിയിച്ചു. ടൗൺഹാളിൽ നടക്കുന്ന പരിപാടി അഡ്വ. കെ. ജയന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് കോർപറേഷൻ മേയർ ഒ. സദാശിവൻ അവാർഡ് സമർപ്പണം നടത്തും. പ്രശസ്ത ഗായകരായ ഷഹജ മലപ്പുറം, അബ്ദുൽ ഹയ്യ്, തുഷാര, മൂസ നസീർ എരഞ്ഞോളി എന്നിവർ സംഗീത നിശയിൽ അണിനിരക്കും.
വാർത്താസമ്മേളനത്തിൽ മലബാർ മാപ്പിള കലാഅക്കാദമി ചെയർമാൻ പി.എച്ച് താഹ, സ്വീകരണക്കമ്മിറ്റി ചെയർമാൻ സിദ്ദീഖ് കാഞ്ഞിരത്തിങ്ങൽ, ട്രഷറർ അഷ്റഫ് ഈസ്റ്റ് വെള്ളിമാട്കുന്ന്, ഗായകൻ അമീർ കാലിക്കറ്റ് തുടങ്ങിയവർ സംബന്ധിച്ചു.
മലബാർ മാപ്പിള കലാ അക്കാദമി
മാപ്പിള കലകളെയും കലാകാരൻമാരെയും പ്രോൽസാഹിപ്പിക്കുന്നതിനായി രൂപവത്കരിച്ച കൂട്ടായ്മയാണ് മലബാർ മാപ്പിള കലാ അക്കാദമി. ശ്രദ്ധിക്കപ്പെടാതെ പോവുന്ന കലാകാരൻമാർക്ക് വേദിയൊരുക്കുക, വിദ്യാഭ്യാസ-ജീവകാരുണ്യ മേഖലയിൽ നിസ്വാർഥ സേവനം നൽകുന്നവർക്കും കലാകാരൻമാർക്കും അവാർഡ് ഏർപെടുത്തുക, കഴിവുള്ള കുട്ടികൾക്ക് സംഗീത-കലാമേഖലയിൽ പരിശീലനത്തിന് ആവശ്യമായ സഹായങ്ങളും സ്കോളർഷിപ്പും ഏർപെടുത്തുക തുടങ്ങിയവ സംഘടനയുടെ ലക്ഷ്യങ്ങളാണ്. അന്തരിച്ച പ്രശസ്തമാപ്പിളപ്പാട്ട് ഗായിക റംല ബീഗത്തിന്റെ പേരിൽ മികച്ച യുവഗായികമാർക്ക് എല്ലാ വർഷവും അവാർഡ് ഏർപെടുത്താൻ സംഘടന തീരുമാനിച്ചിട്ടുണ്ട്.










