ദില്ലി:ഇന്‍ഡിഗോ വിമാന സര്‍വീസ് പ്രതിസന്ധിയിലായ പശ്ചാത്തലത്തില്‍ വിമാനക്കമ്പനികള്‍ അസാധാരണമാംവിധം ഉയര്‍ന്ന വിമാനക്കൂലി ഈടാക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ ഗൗരവമായെടുത്തിട്ടുണ്ടെന്ന് വ്യോമയാനമന്ത്രാലയം അറിയിച്ചു.
അവസരം മുതലെടുത്ത് യാത്രാക്കൂലി കൂട്ടുന്നതില്‍നിന്ന് യാത്രക്കാരെ സംരക്ഷിക്കുന്നതിനായി എല്ലാ ബാധിത റൂട്ടുകളിലും മന്ത്രാലയം അതിന്റെ നിയന്ത്രണ അധികാരങ്ങള്‍ ഉപയോഗപ്പെടുത്തിയതായി അറിയിച്ചു. സ്ഥിതിഗതികള്‍ സാധാരണഗതിയില്‍ എത്തുംവരെ ഈ നിയന്ത്രണം വിമാനനിരക്കുകള്‍ നിരീക്ഷിക്കുന്ന തുടരുമെന്നും മന്ത്രാലയം അറിയിച്ചു. ഇന്‍ഡിഗോ സര്‍വീസുകള്‍ താറുമാറായതിനു പിന്നാലെ മറ്റു വിമാനക്കമ്പനികളിലെ യാത്രാക്കൂലി കുത്തനെ കൂട്ടിയിരുന്നു. ഇന്‍ഡിഗോ സര്‍വീസ് റദ്ദായവര്‍ക്ക് ഇത് വന്‍തിരിച്ചടിയായി.
ഇന്ന് ഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള നോണ്‍സ്റ്റോപ്പ് എയര്‍ ഇന്ത്യ ടിക്കറ്റിന് 55,955 മുതല്‍ 64,557 രൂപ വരെയായിരുന്നു നിരക്ക്. കൊച്ചിയിലേക്കുള്ള ടിക്കറ്റ് നിരക്ക് 38,000 രൂപ കടന്നു.
കേന്ദ്ര വ്യോമയാന മന്ത്രാലയം ഏര്‍പ്പെടുത്തിയ പരിധി 500 കിലോമീറ്റര്‍ വരെ 7,500 രൂപ, 500 മുതല്‍ 1000 കിലോമീറ്റര്‍ വരെ 12,000 രൂപ, ആയിരം കിലോമീറ്റര്‍ മുതല്‍ 1,500 കിലോമീറ്റര്‍ വരെ 15,000 രൂപ, 1,500 കിലോമീറ്ററിനു മുകളില്‍ 18,000 രൂപ എന്നിങ്ങനെയാണ് ഇക്കോണമി ടിക്കറ്റിലെ പരിധി നിശ്ചിയിച്ചിരിക്കുന്നത്.
യൂസര്‍ ഡവലപ്‌മെന്റ് ഫീസ്, പാസഞ്ചര്‍ സര്‍വീസ് ഫീസ്, നികുതി എന്നിവ ഇതിനു പുറമേയാണ്. ബിസിനസ് ക്ലാസിനും ഉഡാന്‍ ഫ്‌ലൈറ്റുകള്‍ക്കും ഈ നിരക്ക് ബാധകമല്ല.










