പാലക്കാട്: പാലക്കാട് യുഡിഎഫ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലിൽ പൊലീസ് നടത്തിയ പാതിരാ പരിശോധനയ്ക്ക് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കണമെന്നും കള്ളപ്പണ ഇടപാട് നടന്നുണ്ടെന്നുമാണ് ബിജെപിയുടെ ആരോപണം. തെരഞ്ഞെടുപ്പിനായി യുഡിഎഫ് വ്യാപകമായി കള്ളപ്പണം ഒഴുക്കിയെന്നും ഇതേക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കണമെന്നും ബിജെപി പരാതിയിൽ ആവശ്യപ്പെട്ടു.
സിപിഎം-ബിജെപി നേതാക്കള്‍ ഹോട്ടലിൽ എത്തിയതിൽ അസ്വഭാവികതയൊന്നുമില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ പറഞ്ഞു. അതിൽ ഒരു ഡീലുമില്ല. ഷാഫി പറമ്പിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലും കള്ളപ്പണം ഒഴുക്കിയെന്നും കൃഷ്ണകുമാര്‍ ആരോപിച്ചു.
അതേസമയം, കോൺഗ്രസ് വനിതാ നേതാക്കളുടെ ഹോട്ടൽ റൂമിലെ പൊലീസ് പരിശോധനയുമായി ബന്ധപ്പെട്ട പൊലീസിന്‍റെ വിശദീകരണത്തിലും ആശയക്കുഴപ്പം. സ്ഥിരം പരിശോധനയുടെ ഭാഗമായാണ് പരിശോധന നടത്തിയതെന്നു പാലക്കാട് എ എസ് പി വിശദീകരിച്ചത്. എന്നാൽ, രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയെന്നാണ് പൊലീസ് സെർച്ച് ലിസ്റ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്.