GeneralLatest

നീതി തേടി ഡബ്ല്യു.സി.സി അംഗങ്ങള്‍ വനിതാകമ്മീഷന് മുന്നില്‍; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പഠിച്ച് നടപ്പാക്കാന്‍ ആവശ്യപ്പെടുമെന്ന് കമ്മീഷന്‍


ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരാത്തത് എന്തുകൊണ്ടാണെന്ന് ആശങ്കയുണ്ടെന്ന് ഡബ്ല്യു.സി.സി അംഗങ്ങള്‍. ഇതില്‍ വ്യക്തത വരുത്താനാണ് വനിതാ കമ്മീഷനെ കണ്ടത്. ഇനിയും ഉത്തരവാദിത്തപ്പെട്ടവരെ കാണും. ഇനി കാത്തുനില്‍ക്കാന്‍ സമയമില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവിയെ കണ്ട ശേഷം ദീദി ദാമോദരന്‍ പറഞ്ഞു. മുന്‍ സാംസ്കാരിക മന്ത്രിയോട് സംസാരിച്ചിരുന്നുവെന്നും ഹേമാ കമ്മിറ്റി റിപ്പോർട്ട് നിയമസഭയിൽ സമർപ്പിക്കേണ്ടതില്ല എന്നാണ് മന്ത്രി അറിയിച്ചതെന്നും പി സതീദേവി പറഞ്ഞു. ഹേമ കമ്മീഷനല്ല, കമ്മിറ്റിയാണ്. കമ്മീഷനാണെങ്കിലാണ് നിയമസഭയിൽ റിപ്പോർട്ട് സമർപ്പിക്കുക. ഇത് പഠന റിപ്പോര്‍ട്ടാണ്. കമ്മിറ്റി റിപ്പോർട്ട് പഠിച്ച് തുടർനടപടി സ്വീകരിക്കാൻ സർക്കാരിനോട് ആവശ്യപ്പെടും. സിനിമാ മേഖലയില്‍ നിയമനിർമാണം ആവശ്യമാണെന്നും സതീദേവി പറഞ്ഞു.ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വരാത്തതില്‍ നിരാശയുണ്ടെന്ന് നടി പാര്‍വതി പ്രതികരിച്ചു. സർക്കാർ വിചാരിച്ചാൽ റിപ്പോർട്ട് പുറത്ത് വരുമെന്നാണ് പ്രതീക്ഷ. പിന്തുണ നൽകുമെന്ന് വനിതാ കമ്മീഷൻ ഉറപ്പ് നൽകിയിട്ടുണ്ട്. പോസിറ്റിവായാണ് വനിതാ കമ്മീഷൻ പ്രതികരിച്ചതെന്നും പാര്‍വതി പറഞ്ഞു. ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കണമെന്നും ഇത്തരം ആക്രമണങ്ങൾ ഇനിയും ഉണ്ടാകാതിരിക്കാനാണ് ഡബ്ല്യു.സി.സി ശ്രമിക്കുന്നതെന്നും സംവിധായിക അഞ്ജലി മേനോന്‍ പറഞ്ഞു. സിനിമാ മേഖലയില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന നിരവധി പ്രശ്നങ്ങള്‍ ഡബ്ല്യു.സി.സി ഏറെക്കാലമായി ഉയര്‍ത്തിക്കൊണ്ടുവരുന്നുണ്ടെന്ന് സതീദേവി പറഞ്ഞു. അതിനൊന്നും പരിഹാരമുണ്ടായിട്ടില്ല എന്ന വിഷമമാണ് ഡബ്ല്യു.സി.സി അംഗങ്ങള്‍ പങ്കുവെച്ചത്. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് പ്രൊഡക്ഷന്‍ കമ്പനികളാണ്. എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലും ഇന്‍റേണല്‍ കംപ്ലെയിന്റ് കമ്മിറ്റി വേണം. അതൊന്നും സിനിമാരംഗത്ത് പ്രാവര്‍ത്തികമായിട്ടില്ലെന്ന് സതീദേവി പറഞ്ഞു.ജസ്റ്റിസ് ഹേമ കമ്മിഷന്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സിനിമാ മേഖലയില്‍ കൃത്യമായ നിയമം ഉണ്ടാവേണ്ടതുണ്ട്. ചൂഷണ ഒഴിവാക്കാനും തുല്യവേദനം ഉറപ്പ് വരുത്താനും സംവിധാനം അനിവാര്യമാണ്. സര്‍ക്കാരിനു മുന്നില്‍ ഇക്കാര്യങ്ങള്‍ ഉന്നയിക്കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ വ്യക്തമാക്കി. ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കണം. സമൂഹ മാധ്യമങ്ങളിൽ അവരെ അധിക്ഷേപിക്കുന്നത് തുടരുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും സതീദേവി ആവശ്യപ്പെട്ടു.

 

 


Reporter
the authorReporter

Leave a Reply