കോഴിക്കോട്: ജില്ലയിലെ അങ്കണവാടി വര്‍ക്കര്‍മാരെ എച്ച്.ഐ.വി എയ്ഡ്‌സ് പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിനായി സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ നേതൃത്വത്തില്‍ രണ്ടുമാസം നീണ്ടു നില്‍ക്കുന്ന ബോധവത്ക്കരണ പരിശീലന പരിപാടി ആരംഭിച്ചു. കോഴിക്കോട് ക്ഷയരോഗ കേന്ദ്രത്തില്‍ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കോര്‍പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് നിര്‍വഹിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫീസ് ആരോഗ്യം, ജില്ലാ എയ്ഡ്‌സ് നിയന്ത്രണ യൂണിറ്റ്, ജില്ലാ വനിതാ ശിശു വികസന ഓഫീസ് എന്നിവ സംയുക്തമായാണ് പരിശീലന പരിപാടി നടപ്പിലാക്കുന്നത്. ഡിസംബര്‍ 31 നു ആരംഭിച്ചു ഫെബ്രുവരി 18 വരെ നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടിയില്‍ ജില്ലയിലെ മുഴുവന്‍ അങ്കണവാടി വര്‍ക്കര്‍മാര്‍ക്കുമായി അമ്പതു പേര്‍ വീതമുള്ള ബാച്ചുകളായാണ് പരിശീലനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പരിപാടിയില്‍ എച്ച്.ഐ.വി എയ്ഡ്‌സ് അടിസ്ഥാന വിവരങ്ങള്‍, എച്ച്.ഐ.വി, ടിബി രോഗപകര്‍ച്ച, എച്ച്.ഐ.വി പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ അങ്കണവാടി വര്‍ക്കര്‍മാര്‍ക്കുള്ള പങ്ക് എന്നീ വിഷയങ്ങളിലാണ് പരിശീലനം.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ഉമ്മര്‍ ഫാറൂഖ് അധ്യക്ഷത വഹിച്ചു. ജില്ലാ ടിബി എയ്ഡ്‌സ് നിയന്ത്രണ ഓഫീസര്‍ ഡോ.പി.പി പ്രമോദ് കുമാര്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ അബ്ദുല്‍ ബാരി യു, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ബേബി നാപ്പള്ളി, എയ്ഡ്‌സ് നിയന്ത്രണ യൂണിറ്റ് ജില്ലാ അസിസ്റ്റന്റ് എന്‍.ടി. പ്രിയേഷ്, ജില്ലാ ടി.ബി ഫോറം പ്രസിഡണ്ട് ശശികുമാര്‍ ചേളന്നൂര്‍ എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം ഐ.സി.ടി.സി കൗണ്‍സിലര്‍ റസീന എം, ടി.ബി കേന്ദ്രം സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് അബ്ദുല്‍ സലാം കെ.എ, എന്നിവര്‍ ക്ലാസെടുത്തു.