Saturday, January 25, 2025
Local News

കർഷക ആത്മഹത്യകൾ തടയാൻ നിർദ്ദേശങ്ങളുമായി കളക്ടർ ; ചീഫ് സെക്രട്ടറി ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ


വയനാട്: ജില്ലയിൽ നടക്കുന്ന കർഷക ആത്മഹത്യകൾ തടയുന്നതിന് കർഷകർക്ക് ആശ്വാസമേകുന്ന നടപടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ ചീഫ് സെക്രട്ടറി അടിയന്തര നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ 3 മാസത്തിനുള്ളിൽ സമർപ്പിക്കണമെന്നും കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ആവശ്യപ്പെട്ടു. വയനാട് ജില്ലാ കളക്ടർ കർഷക ആത്മഹത്യകൾ തടയുന്നത് സംബന്ധിച്ച് സമർപ്പിച്ച റിപ്പോർട്ട് യഥാർത്ഥ കാരണം വെളിവാക്കുന്നതാണെന്നും ഉത്തരവിൽ പറയുന്നു.

കടബാധ്യതയാണ് കർഷക ആത്മഹത്യകൾക്കുള്ള പ്രധാന കാരണമെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. കൃഷി വായ്പയ്ക്കായി കർഷകർ പൊതുവേ സമീപിക്കുന്നത് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ബാങ്കുകളെയാണെങ്കിലും പ്രസ്തുത ബാങ്കുകൾ പിന്തുടരുന്ന കർശനമായ വ്യവസ്ഥകൾ ഇതിന് തടസം നിൽക്കുന്നതായി കളക്ടർ അറിയിച്ചു. ഈ സാഹചര്യത്തിൽ കർഷകർ സ്വകാര്യ സ്ഥാപനങ്ങളെ അമിതമായി ആശ്രയിക്കും. അവർ എളുപ്പത്തിൽ അമിത പലിശയും തിരിച്ചടവിൽ കർശന നിബന്ധനകളുമായി വായ്പകൾ അനുവദിക്കും.വയനാട്ടിലെ കർഷക ആത്മഹത്യകളുടെ പ്രധാന കാരണം സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പ എടുക്കുന്നതിനുള്ള സൗകര്യമാണ്. 15 വർഷം കൊണ്ട് ജില്ലയിൽ 100 ലധികം കർഷകർ ആത്മഹത്യ ചെയ്തിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങളുടെ ഉയർന്ന പലിശ നിരക്കിൽ കർഷകർ ഞെരുങ്ങി പോകാറാണ് പതിവ്. വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വരുമ്പോൾ കടബാധ്യതയിൽ നിന്നും മുക്തി നേടാൻ അവർ ആത്മഹത്യയെ ആശ്രയിക്കുന്നു. ഇത് പരിഹരിക്കുന്നതിന് കർഷകർക്ക് സർക്കാർ സാമ്പത്തിക സഹായം നൽകുന്നതിനുള്ള പദ്ധതികൾ ആവിഷ്ക്കരിക്കണം. സ്വകാര്യ സ്ഥാപനങ്ങൾ ഉയർന്ന പലിശ ഈടാക്കുന്നതു തടയാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. കർഷകർക്ക് ബാങ്കിംഗ് സൗകര്യങ്ങൾ മെച്ചപ്പെടുത്തണം. കാർഷിക ഉൽപ്പന്നങ്ങളുടെ വില നിയന്ത്രിക്കണം. കാലാവസ്ഥാ വ്യതിയാനങ്ങൾ കാരണമുണ്ടാകുന്ന കൃഷി നാശത്തെ പ്രതിരോധിക്കാൻ നടപടിയെടുക്കേണ്ടതുണ്ടെന്നും ജില്ലാ കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. ഈ വിഷയങ്ങളിൽ സർക്കാർ തലത്തിൽ തീരുമാനമെടുക്കേണ്ടതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു. തുടർന്നുണ്ട് ചീഫ് സെക്രട്ടറിയോട് വിഷയത്തിൽ ഇടപെടാൻ കമ്മീഷൻ നിർദ്ദേശിച്ചത്. മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.


Reporter
the authorReporter

Leave a Reply