കോഴിക്കോട്: അരാഷ്ട്രീയത വളരുന്ന കാലത്ത് പുതുതലമുറ പികെവിയെ അറിയണമെന്ന് സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ്. മുൻ മുഖ്യമന്ത്രിയും മികച്ച പാർലമെന്റേറിയനും പ്രമുഖ കമ്യൂണിസ്റ്റ് നേതാവുമായിരുന്ന പി കെ വാസുദേവൻ നായർ അനുസ്മരണ ചടങ്ങിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു ഗവാസ്.

കേരളം കണ്ട മികച്ച ഭരണാധികാരികളിലൊരാൾ എന്ന നിലയ്ക്ക് മാത്രമല്ല സാധാരണക്കാരിൽ സാധാരണക്കാരനായി ജീവിച്ച സംശുദ്ധനായ കമ്മ്യൂണിസ്റ്റ് നേതാവ് എന്ന നിലയ്ക്കും പി കെ വി മാതൃകാ പുരുഷനായിരുന്നു. കാൽ നൂറ്റാണ്ട് കാലത്തെ ഇടവേളയ്ക്ക് ശേഷം പാർലമെന്റിൽ എത്തിയപ്പോൾ അദ്ദേഹം നടത്തിയ പ്രസംഗങ്ങൾ രാഷ്ട്രീയ കക്ഷിഭേദമെന്യേ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. പി കെ വി യെക്കുറിച്ച് അറിയാത്ത യുവ എംപിമാരെല്ലാം അതുല്യനായ ഈ നേതാവ് ഇത്രകാലവും എവിടെയായിരുന്നുവെന്നാണ് അത്ഭുതത്തോടെ പ്രതികരിച്ചത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി കെട്ടിപ്പടുക്കാൻ യാതൊരു മടിയുമില്ലാതെ മുഖ്യമന്ത്രി സ്ഥാനം ത്യജിച്ച ആളായിരുന്നു പി കെ വാസുദേവൻ നായരെന്ന് പുതിയ തലമുറ മനസിലാക്കണം. അരാഷ്ട്രീയ ചിന്തകൾക്ക് ശ്രദ്ധ ലഭിക്കുന്ന ഈ കാലത്ത് പികെവി യെപ്പോലെയുള്ള മഹാ വ്യക്തിത്വങ്ങളുടെ ജീവിതവും രാഷ്ടീയവും ആദർശവും അറിവും സജീവമായി ചർച്ച ചെയ്യേണ്ടതുണ്ടെന്നും പി ഗവാസ് അനുസ്മരിച്ചു.
സിപിഐ ജില്ലാ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കൃഷ്ണപ്പിള്ള മന്ദിരത്തിൽ നടന്ന ചടങ്ങിൽ ജില്ലാ അസി. സെക്രട്ടറി പി കെ നാസർ അധ്യക്ഷത വഹിച്ചു. എം കെ പ്രജോഷ്, പി അസീസ് ബാബു എന്നിവർ സംസാരിച്ചു. യു. സതിശൻ കെ. സുജിത്ത്, ടി സുരേന്ദ്രൻ, പി പ്രേം കുമാർ, കൗൺസിലർ ആഷിക ടീച്ചർ, ഷിബു ടി ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു. അഡ്വ. പി ഗവാസ് പതാക ഉയർത്തി. പി കെ വി യുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടന്നു.










