Latestpolice &crimePolice News

ഓപ്പറേഷൻ തൂഫാൻ : കോഴിക്കോട് സിറ്റിയില്‍ ഒറ്റ ദിവസം കൊണ്ട് രജിസ്റ്റര്‍ ചെയ്തത് 57 മയക്കുമരുന്ന് കേസുകൾ

Nano News

കോഴിക്കോട് : ലഹരി മാഫിയയ്‌ക്കെതിരെ കോഴിക്കോട് സിറ്റി പൊലീസ് നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്’ പരിശോധനയുടെ ഭാഗമായി  നടത്തിയ വ്യാപക പരിശോധനയിൽ ഒരൊറ്റ ദിവസം കൊണ്ട് 57 മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്യുകയും 58 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
സിറ്റി പൊലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലി ഐ.പി.എസ് , ഡപ്യൂട്ടി കമ്മിഷണർ പദം സിങ് ഐ.പി.എസ്, നർകോട്ടിക് അസിസ്റ്റന്റ് കമ്മിഷണർ അബ്ദുൽ കരീം എം.എം , കൺട്രോൾ റൂം അസിസ്റ്റന്റ് കമ്മിഷണർ സുമേഷ്, സിറ്റി പൊലീസ് പരിധിയിലെ മറ്റു പൊലീസ് സ്‌റ്റേഷൻ പരിധികളിൽ അതാത് അസിസ്റ്റന്റ് കമ്മിഷണർമാരുടെയും ഇൻസ്പെക്ടർമാരുടെയും നേതൃത്വത്തിൽ ഇതര സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍, അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍, ഹോട്ടലുകൾ, ലോഡ്ജൂകള്‍, ഹോം സ്റ്റേകൾ, പുതിയ ബസ്സ്റ്റാന്‍ഡ്, കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡ്, റെയിൽവെ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിൽ വ്യാപകമായ പരിശോധന നടന്നു. മയക്കുമരുന്ന് കൂടാതെ ചിലരിൽ നിന്ന് പുകയില ഉൽപ്പന്നങ്ങളും പോലീസ് കണ്ടെടുത്തിരുന്നു. ‘ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള സ്പെഷ്യല്‍ ഡ്രൈവ് പുലർച്ചെ വരെ നീണ്ടുനിന്നതായി പൊലീസ് അറിയിച്ചു. ഓപ്പറേഷൻ തൂഫാന്‍ ആരംഭിച്ച ജൂണ്‍ 1 മുതല്‍ (01.06.2026) ഇന്ന് രാവിലെ വരെ (12.07.2026) നടന്ന പരിശോധനയില്‍ 17.143 കിലോ ഗ്രാം കഞ്ചാവും, 342.227 ഗ്രാം എം.ഡി.എം.എ യും, 15.15 ഗ്രാം മെത്താഫെറ്റമിന്നും, 8.67 ഗ്രാം ബ്രൌണ്‍ ഷുഗറും, 97.62 ഗ്രാം ഹാഷിഷ് ഓയിലും, നാലിടങ്ങളില്‍ നിന്നായി കഞ്ചാവ് ചെടികളും പോലീസ് കണ്ടെടുത്തു. ഇതുവരെ 738 കേസുകൾ രജിസ്റ്റർ ചെയ്യുകയും, ഇതുമായി ബന്ധപ്പെട്ട് 759 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി കോഴിക്കോട് സിറ്റി പൊലീസ് അറിയിച്ചു. ‘ഓപ്പറേഷൻ തൂഫാൻ’ന്റെ ഭാഗമായി നടത്തുന്ന പരിശോധനകൾ ഇനിയും തുടരുമെന്നും, നിയമലംഘനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.


Reporter
the authorReporter

Leave a Reply

error: Content is protected !!