വടകര:കേരളത്തിലാദ്യമായി ഒരു സ്ഥാപനത്തിലെ എല്ലാവരുടെയും വീടുകൾ ഹരിതഭവനങ്ങളാകുന്നു. കോഴിക്കോട് ഇരിങ്ങലിൽ ഊരാളുങ്കൽ സൊസൈറ്റി നടത്തിവരുന്ന സർഗാലയ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജാണ് സംസ്ഥാനത്തിനാകെ മാതൃകയാകാവുന്ന ഈ പദ്ധതി പൂർത്തിയാക്കിയത്. ‘സർഗാലയ കാർബൺ ന്യൂട്രൽ ടൂറിസം ഡെസ്റ്റിനേഷൻ പദ്ധതി’യുടെ ഭാഗമായാണ് സർഗാലയയിലെ ജീവനക്കാരുൾപ്പെടെ എല്ലാവരുടെയും വീടുകൾ ഹരിതഭവനങ്ങളാക്കിയത്. നൂറു വീടുകളാണ് ഇങ്ങനെ പരിസ്ഥിതിസൗഹൃദമായത്. സർക്കാരിന്റെ അന്തിമപരിശോധനയും പ്രഖ്യാപനവും ഉടൻ ഉണ്ടാകും.

2025 ഒക്ടോബർ 3ന് യുഎൽസിസിഎസ് ചെയർമാൻ രമേശൻ പാലേരിയുടെ അദ്ധ്യക്ഷതയിൽ ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ വീട്ടുടമ ബാബു പറമ്പത്ത്, സർഗാലയ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ രാജേഷ് ടി. കെ., യുഎൽസിസിഎസ് ചീഫ് ജനറൽ മാനേജർ രോഹൻ പ്രഭാകർ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ ഇതിനുള്ള കർമ്മപരിപാടി തയ്യാറാക്കിയിരുന്നു. വൃത്തി, വെള്ളം, വെളിച്ചം എന്ന തീം ആസ്പദമാക്കിയാണ് കർമ്മപദ്ധതി തയ്യാറാക്കിയത്.

പദ്ധതിയുടെ ഏകോപനത്തിനായി ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിക്കു രൂപം നല്കിയിരുന്നു. അതിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുത്ത സർഗാലയയിലെ അഞ്ചു പേരെ അക്കൊല്ലം നവംബർ 5ന് കാർബൺ ന്യൂട്രൽ അസ്സെസ്സ്മെന്റ് പരിശീലനത്തിനയച്ചു. പിന്നീട് അഞ്ചു ഗ്രൂപ്പുകളാക്കി തിരിച്ച് ഗ്രൂപ്പുകളുടെ ലീഡർമാരുടെ ആഭിമുഖ്യത്തിൽ യോഗങ്ങൾ ചേർന്ന് വിശദമായ കർമ്മപദ്ധതി തയ്യാറാക്കി. തുടർന്ന് നവംബർ 18ന് സർഗാലയ ടീമംഗങ്ങൾക്ക് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരിയുടെയും ബാബു പറമ്പത്തിന്റെയും സാന്നിധ്യത്തിൽ കളർ കോഡ് ബിന്നുകൾ വിതരണം നടത്തി.

ജൈവ, അജൈവ പാഴ് വസ്തുക്കൾ കളർ കോഡ് ബിന്നുകളിൽ തരം തിരിച്ച് വെക്കുകയും പ്ലാസ്റ്റിക്ക്, ചില്ല്, ചെരുപ്പ്, ബാഗ് തുടങ്ങിയ അജൈവ പാഴ്വസ്തുക്കൾ ക്യത്യമായി ഹരിതകർമ്മസേനയ്ക്കു കൈമാറി രസീതി സൂക്ഷിച്ചുവെക്കുകയും ചെയ്യുന്ന സമ്പ്രദായം നടപ്പിലാക്കി. ജൈവാവശിഷ്ടങ്ങൾ ബയോഗ്യാസ്, റിംഗ് കമ്പോസ്റ്റ്, പൈപ്പ് കമ്പോസ്റ്റ്, കമ്പോസ്റ്റ് പിറ്റ് എന്നിവയിൽ നിക്ഷേപിച്ചു വളമാക്കി മാറ്റി അതുപയോഗിച്ച് അടുക്കളത്തോട്ടത്തിൽ പച്ചക്കറികളും പഴവർഗ്ഗങ്ങളും കൃഷി ചെയ്തുവരുന്നു. വീട്ടുകാരുടെ ആവശ്യത്തിലധികം ഉണ്ടാക്കുന്ന പച്ചക്കറികളും പഴങ്ങളും സർഗാലയയിലെ ഭക്ഷണശാലയിലേക്കു നൽകി ഹരിതഭവന ഉടമകൾ അധിക വരുമാനവും ഉണ്ടാക്കുന്നു.

സർഗാലയ ഹരിതഭവനപദ്ധതിയുടെ ഓരോ ഘട്ടവും ബാബു പറമ്പത്തിന്റെ നേതൃത്വത്തിൽ അവലോകനം ചെയ്തു. ഐഐഎം റോഹ്ത്തക്കിലെ രണ്ടു വിദ്യാർത്ഥികളും കോഴിക്കോട് പ്രൊവിഡൻസ് കോളെജിലെ അസോസിയേറ്റ് പ്രൊഫസർ ഇ. ജൂലിയുടെ നേതൃത്വത്തിൽ എട്ട് ഉന്നത് ഭാരത് അഭിയാൻ വിദ്യാർത്ഥികളും തുടർപ്രവർത്തനങ്ങൾക്കു പിന്തുണയുമായി പ്രവർത്തനപുരോഗതി വിലയിരുത്തിവരുന്നുണ്ട്. അവർ വീടുകൾ പരിശോധിച്ചു റിപ്പോർട്ട് തയ്യാറാക്കിവരുന്നു. ഉടൻ നടക്കുന്ന കേരള ശുചിത്വമിഷന്റെ അന്തിമപരിശോധനയോടെ സർഗാലയയിലെ മുഴുവൻ പേരുടെയും വീടുകൾ ഹരിതഭവനങ്ങളായി പ്രഖ്യാപിക്കും. ഇതോടെ സർഗാലയ സംസ്ഥാനത്ത് ഈ നേട്ടം കൈവരിക്കുന്ന ആദ്യ സ്ഥാപനമാകും; ഒപ്പം, കേരളത്തിലെ മറ്റു സ്ഥാപനങ്ങൾക്കു മാതൃകയും പ്രചോദനവുമാകും.










