കോഴിക്കോട്: കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ റോഡിലെ കുഴികള്‍ കാരണമുളള യാത്ര ദുരിതത്തിന് അടിയന്തിര പരിഹാരം കാണണമെന്ന് ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ ആവശ്യപ്പെട്ടു.ഒട്ടേറെ സ്ഥലങ്ങളില്‍ വലിയ കുഴികൾ രൂപപ്പെട്ടിട്ടുള്ളത് കാരണം യാത്രക്കാര്‍ ദിവസങ്ങളായി ദുരിതത്തിലാണ്.ദേശീയ പാതയില്‍ പണിനടക്കുന്നതിനാല്‍ ഈ റോഡിലൂടെ ഹെവി വാഹനങ്ങൾ കടന്നു പോകുന്നത് യാത്രക്കാരെ കൂടുതൽ ദുരിതത്തിൽ ആക്കുന്നു. കൂടാതെ രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഈ റൂട്ടിൽ അനുഭവപ്പെടുന്നത്. കുറ്റ്യാടി മുതൽ കോഴിക്കോട് വരെയുള്ള അമ്പത് കിലോമീറ്റർ ദൂരം റോഡിൽ രൂപപ്പെട്ടിരിക്കുന്ന ഗർത്തങ്ങളിലൂടെയുള്ള ദുരിതയാത്ര അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്.
വൻ കുഴികളിൽ വീണ് വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടാകുന്നതും അപകടങ്ങളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്നതും നിത്യസംഭവമായിട്ടും അധികൃതർ മൗനം പാലിക്കുകയാണ്. മഴ മാറി നിന്നിട്ടും റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്താൻ ബന്ധപ്പെട്ടവര്‍ തയ്യാറാകാത്തതിനെ തുടർന്നും,റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ടുകൊണ്ടും ബിജെപി സമരത്തിന് ഒരുങ്ങുകയാണ്.
ഓഗസ്റ്റ് 9 ന് രാവിലെ 11 മണിമുതല്‍ 11.15വരെ ചക്ര സ്തംഭന സമരം അഞ്ച് കേന്ദ്രങ്ങളിലായ് നടക്കും. കുറ്റ്യാടി ടൗൺ, പേരാമ്പ്ര,നടുവണ്ണൂർ, കൂമുള്ളി, തലക്കുളത്തൂർ(കച്ചേരി) എന്നിവിടങ്ങളിൽ നടക്കുന്ന സമരപരിപാടിയുമായി എല്ലാവരും സഹകരിക്കണമെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ അഭ്യര്‍ത്ഥിച്ചു.