കോഴിക്കോട്: ബിജെപി കോഴിക്കോട് ജില്ലാ പ്രഭാരിയായി ശോഭാ സുരേന്ദ്രന്‍ ചുമതലയേറ്റു. മാരാര്‍ജി ഭവനില്‍ നടന്ന ജില്ലാ നേതൃയോഗത്തില്‍ ജില്ലാ പ്രഭാരിയായി ചുമതലയേറ്റ ശോഭാ സുരേന്ദ്രന് സ്വീകരണം നല്‍കി. കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ഓരോ വീടുകളിലും എത്തിക്കണമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
പാര്‍ലമെന്റില്‍ വളരെ കുറഞ്ഞ സീറ്റുകള്‍ ഉള്ളപ്പോള്‍ തന്നെ സാധാരണക്കാരുടെ ശബ്ദമായി മാറിയ നേതാക്കന്മാര്‍ നമ്മുക്ക് സ്വന്തമായിരുന്നു. ആരുടെയും ചോദ്യങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കാത്ത, അപമാനിക്കപ്പെടാത്ത, ഈ പ്രസ്ഥാനത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വളര്‍ത്തണമെന്ന് പറഞ്ഞ പ്രവര്‍ത്തകരുടെ ഓര്‍മ്മയിലൂടെയാണ് നമ്മള്‍ നടന്ന കയറുന്നത്. ഭാവി ഭാരതത്തില്‍ പ്രതിപക്ഷം ആഗ്രഹിക്കുന്നത് രാജ്യസ്‌നേഹിയായ നരേന്ദ്രമോദിക്ക് പകരക്കാരനെ കണ്ടെത്തുക എന്നതാണ്. കോണ്‍ഗ്രസ് സിപിഎമ്മും മായി ഒന്നിച്ചു വിവിധ സംസ്ഥാനങ്ങളിൽ മുന്നേറുന്നത് അതിന് വേണ്ടിയാണ്. എന്നാല്‍ ഭാരതീയര്‍ മോദിയെ ഹൃദയത്തില്‍ ഏറ്റിയിട്ടുള്ളവരാണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
മുസ്ലിങ്ങളെയും ഹിന്ദുക്കളെയും തമ്മിലടിപ്പിക്കാനുള്ള ശ്രമമാണ് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ നടത്തിയത്. എന്നാല്‍ അത് കേരളത്തില്‍ നടക്കില്ല. വിശ്വാസമില്ലാത്ത ഇവര്‍ എങ്ങനെയാണ് ആചാരത്തെയും അനുഷ്ഠാനത്തെയും തള്ളിപ്പറയുക. വിശ്വാസത്തെ തള്ളിപ്പറയുന്ന ഇവര്‍ ആദ്യം ചെയ്യേണ്ടത് ദേവസ്വം ബോര്‍ഡ് പിരിച്ചു വിടുകയാണ്. എന്നാല്‍ അത് ചെയ്യാതെ ക്ഷേത്ര ഭണ്ഡാരങ്ങളിൽ വിഴുന്ന ഹിന്ദുവിൻ്റെ നികുതി പണം ലക്ഷ്യമിട്ടുകൊണ്ട് മാത്രമാണെന്നും അവര്‍ ആരോപിച്ചു.