കല്‍പ്പറ്റ: മുത്തങ്ങയില്‍ ബൈക്ക് യാത്രികര്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. കോഴിക്കോട് – മൈസൂരു പാതയില്‍ വ്യാഴാഴ്ച്ച വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം.
യാതൊരു പ്രകോപനവുമില്ലാതെ കാട്ടാന ഇവര്‍ക്കുനേരെ പാഞ്ഞടുക്കുകയായിരുന്നു. ബൈക്ക് ഉപേക്ഷിച്ച് യുവാക്കള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഓടുന്നതിനിടെ ഒരാള്‍ റോഡില്‍ വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. തമിഴ്‌നാട് സ്വദേശികളാണ് ആനയുടെ മുന്നില്‍പെട്ടതെന്നാണ് നിഗമനം.
ബൈക്ക് യാത്രികരുടെ പിറകിലുണ്ടായിരുന്ന കാര്‍ യാത്രികരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. റോഡിലും സൈഡിലുമായി രണ്ട് ആനകളാണ് ഉണ്ടായിരുന്നത്. ആനകള്‍ കാട്ടിലേക്ക് പിന്‍വാങ്ങിയതോടെയാണ് ഇവര്‍ യാത്ര തുടര്‍ന്നത്.