കൊച്ചി: നടിയുടെ പീഡന ആരോപണത്തിൽ പ്രതികളായ നടനും സി.പി.എം, എം.എൽ.എയുമായ മുകേഷിൻറെയും കോൺഗ്രസ് നേതാവായ അഭിഭാഷകൻ വി.എസ് ചന്ദ്രശേഖരൻറെയും മുൻകൂർ ജാമ്യാപേക്ഷകൾ ഇന്ന് കോടതി പരിഗണിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുക. മറ്റൊരു പീഡന ആരോപണക്കേസിൽ പ്രതിയായ നടൻ സിദ്ദിഖ് മുൻകൂർ ജാമ്യം തേടി ഇന്ന് കോടതിയെ സമീപിക്കും.
മുൻകൂർ ജാമ്യത്തിനായി സിദ്ദിഖ് ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം. തിരുവനന്തപുരം സെഷൻസ് കോടതിയെ സമീപിക്കാനുള്ള സാധ്യതകളും തേടുന്നുണ്ട്. സിദ്ദിഖ് നൽകിയ ഹർജിയിൽ തീർപ്പാകും വരെ അറസ്റ്റ് തടയണമെന്നാണ് പ്രധാന ആവശ്യം. അതേസമയം, ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ മുൻകൂർ ജാമ്യം തേടുന്ന മുകേഷിനും ചന്ദ്രശേഖരനും ജാമ്യം നൽകരുതെന്നാണ് പ്രോസിക്യൂഷൻ നിലപാട്. ഇത് കോടതിയെ അറിയിക്കും.
ഇതിനിടെ, ഇന്നലെ മുകേഷിനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിരുന്നു. തൃശൂർ വടക്കാഞ്ചേരി പൊലിസാണ് കേസ് എടുത്തത്. വടക്കാഞ്ചേരിക്കടുത്തെ ഹോട്ടലിൽ വച്ച് മുകേഷ് അപമര്യാദയായി പെരുമാറി എന്ന നടിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. 2011 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാരതീയ ന്യായ സംഹിത 354,294 ബി വകുപ്പുകളാണ് മുകേഷിന് മേൽചുമത്തിയിട്ടുള്ളത്. ഈ കേസിൽ വൈകാതെ ചോദ്യം ചെയ്യാൻ മുകേഷിനെ വിളിപ്പിക്കും.