കോഴിക്കോട്: ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾ പ്രമാണിച്ച് വേറിട്ട പരിപാടികളാണ് മാറാട് ജിനരാജദാസ് എ എൽ പി സ്കൂൾ ഇത്തവണയും ഒരുക്കിയത് .മംമ്സ് കേക്ക് എന്ന് പേരിട്ട അമ്മമാരുടെ കേക്ക് നിർമ്മാണ മത്സരം ജനപങ്കാളിത്തം കൊണ്ട് വൻ വിജയമായി.
30 അമ്മമാരാണ് വിവിധ തരം കേക്കുകൾ നിർമിച്ച് പ്രദർശനത്തിന് എത്തിച്ചത്. രാവിലെ 11 മണിക്ക് ആരംഭിച്ച കേക്ക് നിർമ്മാണ പ്രദർശന മത്സരം വി കെ സി ചാരിറ്റബിൾ ഫൗണ്ടേഷൻ ട്രസ്റ്റി വി മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു .
പ്രമുഖ ഹോംബേക്കറായ ടെൻസീർ അനീസ് ആണ് ജഡ്ജ്മെൻറ് നടത്തിയത്. പാലട പ്രഥമൻ കേക്ക് നിർമ്മിച്ച സൗമ്യ എൻ ഒന്നാം സമ്മാനത്തിന് അർഹയായി .ടെൻഡർ കോക്കനട്ട് കേക്ക് നിർമ്മിച്ച മൈമൂന രണ്ടാം സമ്മാനം നേടി . ഒന്നാം സമ്മാന വിജയികൾക്ക് കോഴിക്കോട് എസ് എം സ്ട്രീറ്റിലെ കിഡ്ഡീസ് കോർണർ ഉടമ എ അബ്ദുൽ റഹീം 5000 രൂപയും, ലാസ ഐസ്ക്രീം ഡീലർഷിപ്പ് ആയ ജെ ആൻഡ് എഫ് എന്റർപ്രൈസസ് ഉടമ ഫൈസൽ ചോയി മഠത്തിൽ 2500 രൂപ രണ്ടാം സമ്മാനവും സ്പോൺസർ ചെയ്തു .പരിപാടിയിൽ പങ്കെടുത്ത മുഴുവൻ അമ്മമാർക്കും വികെസി ഗ്രൂപ്പിൻറെ വക 500 രൂപ വീതം ക്യാഷ് പ്രൈസും, മനോഹരമായ വികെസി പ്രൈഡ് പാദരക്ഷകളും പ്രോത്സാഹന സമ്മാനമായി നൽകി .മാതൃഭൂമി ചിൽഡ്രൻസ് പബ്ലിക്കേഷൻ സബ് എഡിറ്ററായ ഹർഷ എം എസ് മുഖ്യാതിഥിയായിരുന്നു .
മാറാട് ഡിവിഷൻ വാർഡ് കൗൺസിലർ കൊല്ലരത്ത്സുരേശൻ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. അമ്മമാരുടെ കൈകളാൽ വിരിഞ്ഞ നന്മയുടെ മധുരം ചാലിച്ച കേക്കുകൾ ഭിന്നശേഷിക്കാരൻ ആയ കിടപ്പ് രോഗിയും സ്കൂളിലെ വിദ്യാർഥിയുമായ ആത്മജിനും,എരഞ്ഞിപ്പാലം കരുണ ഹിയർ & സ്പീച്ച് വിദ്യാലയത്തിലെ കുട്ടികൾക്കും വിതരണം നടത്തി. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒരുമയുടെയും നല്ല പാഠങ്ങൾക്ക് കരുത്തുപകരുന്നതായിരുന്നു വിദ്യാലയത്തിൽ സജ്ജമാക്കിയ മംമ്സ് കേക്കിന്റെ വേദി. ഹെഡ്മാസ്റ്റർ ഇ എം പുഷ്പരാജൻ സ്വാഗതവും പിടിഎ പ്രസിഡണ്ട് സനോജ് കുമാർ അധ്യക്ഷതയും വഹിച്ചു .സീനിയർ അധ്യാപിക നന്ദി അറിയിച്ചു ഒരു നാടിനെയാകെ മധുരം നുണയിപ്പിച്ചാണ് മാറാട്ടെ വിദ്യാലയത്തിന്റെ ക്രിസ്തുമസ് ആഘോഷം സമാപിച്ചത്.